ലക്നൗ: വെള്ളമടിച്ച് പാമ്പായാൽ പാമ്പിനെ പോലെ ഇഴയും എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വെള്ളമടിച്ച് പാമ്പിനെ വിഴുങ്ങിയാലുള്ള അവസ്ഥയോ? ചോദിക്കേണ്ടതുണ്ടോ. വിഷം ഉള്ളിൽ ചെന്ന് ഉറപ്പായും മരിക്കും. അങ്ങനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചിരിക്കുകയാണ് മഹിപാൽ എന്നയാൾ.
ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രദേശവാസികളിൽ ചിലർ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണിൽ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ചുറ്റും നിന്ന ആളുകളുടെ കൈയടിയും പ്രോത്സാഹനവും കൂടിയതോടെ മഹിപാൽ തന്റെ കൈയിലുള്ള പാമ്പിനെ എടുത്ത് വിഴുങ്ങി. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ടാണ് മഹിപാൽ പാമ്പിനെ വിഴുങ്ങിയത്. എന്നാൽ ആസമയത്തൊന്നും യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത മഹിപാൽ വീട്ടിലെത്തിയപ്പോഴാണ് കാര്യമായ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛർദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. അതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.