ഭോപ്പാൽ: കണ്ടുമുട്ടന്നവരോട് തക്കത്തിൽ സൗഹൃദം സ്ഥാപിക്കും. പിന്നീട് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടു പോയി അതിക്രൂരമായി കൊലപ്പെടുത്തും. ലോറി ഡ്രൈവർമാരെയും അവരുടെ സഹായികളെയുമായി 33 പേരെ കൊലപ്പെടുത്തിയ ആദേശ് ഖംറ എന്ന കൊടും കുറ്റവാളിയെ ഒടുവിൽ പൊലീസ് പിടികൂടി.
വൻ സംഘമാണ് ഖംറയുടേതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തന്നെയാണ് നേതാവ്. അതി നിഗൂഡമാണ് ഇവരുടെ പ്രവർത്തനം. ലോറി ഡ്രൈവർമാരെ കൊന്നതിനുശേഷം അവരുടെ വാഹനവും ചരക്കുസാധനങ്ങളും വിൽപന നടത്തുന്നതാണ് ഖംറയുടേയും സംഘത്തിന്റെയും രീതി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ – റോഡരികിലെ ഭക്ഷണശാലകളിൽ നിന്ന് ലോറി ഡ്രൈവർമാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് മോഷണത്തിന്റെ ആദ്യഘട്ടം. ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി പിന്നീട് ഡ്രൈവറെ ബോധരഹിതനാക്കും. ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് ലോറി എത്തിച്ചതിന് ശേഷമായിരിക്കും അരുംകൊല നടപ്പിലാക്കുക. മൃതദേഹങ്ങൾ കാട്ടിൽ മറവ് ചെയ്‌തതിന് ശേഷം വാഹനവും ചരക്ക് സാധനങ്ങളും വിൽപ്പന നടത്തും.
ഭോപ്പാലിന് സമീപത്തു വച്ചാണ് 48കാരനായ ഖംറയെ പൊലീസ് പിടികൂടിയത്. മധ്യപ്രദേശ് – 15, മഹാരാഷ്ട്ര – എട്ട്, ഛത്തീസ്‌ഗഡ് – അഞ്ച്, ഒഡീഷ – രണ്ട് എന്നിങ്ങനെ കൊലപാതകങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. മോഷണത്തിൽ ഇയാളെ സഹായിച്ചവരെ പൊലീസ് നേരത്തേ ചോദ്യം ചെയ്‌തിരുന്നു. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഖംറയെ പൊലീസ് വലയിലാക്കിയത്.