ഒറിഗൺ : സാഹിത്യകാരിയായ ഭാര്യയുടെ 'ഭർത്താവിനെ എങ്ങനെ വധിക്കാം' എന്ന നോവൽ വായിച്ചപ്പോൾ ഒരിയ്ക്കലും അദ്ധ്യാപകനായ ഡാനിയേൽ കരുതിക്കാണില്ല ഇത് തനിക്ക് വേണ്ടി എഴുതിയതാണെന്ന്. അമേരിക്കയിലെ ഒറിഗനിലാണ് സാഹിത്യകാരിയായ ക്രാംപ്റ്റൺ ബ്രോഫി നീണ്ട 26വർഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ച് ഭർത്താവിന് നേരെ നിറയൊഴിച്ചത്.
പാചകവിഷയങ്ങളിൽ അദ്ധ്യാപകനായി പേരെടുത്ത ഡാനിയേൽ സി ബ്രോഫിയെ ഈ വർഷം ജൂൺ രണ്ടിനാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം അതീവ ദുഖിതയായിരുന്ന ക്രാംപ്റ്റൺ ബ്രോഫി ഭർത്താവിന്റെ വേർപാടിനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതുകയും ചെയ്തിരുന്നു. കുടുംബ കലഹത്തെ തുടർന്നാണ് സാഹിത്യകാരി ഈ കടും കൈ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അതെ സമയം ഇവർക്കെതിരെയുള്ള തെളിവുകൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.