ബിഷപ്പിനെതിരെ കേരളപൊലീസിന് കന്യാസ്ത്രീ നൽകിയ പരാതി തുടർ നടപടികളില്ലാതെ നീളുകയാണ്. പഞ്ചാബിലെത്തി പൊലീസ് ബിഷപ്പിന്റെ മൊഴിയെടുത്തെങ്കിലും പിന്നീട് കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ പരസ്യമായി ഉപവാസ സമരം കൂടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായത് കേരള പൊലീസാണ്. നാല് വശത്ത് നിന്നും വിമർശനങ്ങൾ നേരിടുമ്പോൾ കേരളാ പോലീസിനിത് കണ്ടകശനികാലമാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുകയാണ് ഹൈക്കോടതി അഡ്വ. സംഗീത ലക്ഷ്മണ.
ഈ വിഷയത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ആൾക്കാരും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയാണ്. അതിനാൽ കേരള പൊലീസിനോട് സംഗീത ലക്ഷ്മണയ്ക്ക് പറയാനുള്ളത് ഈ കാര്യങ്ങൾ മാത്രമാണ് 'കേരളാ പോലീസിന് കണ്ടകശനികാലമാണ് തുടങ്ങിയിരിക്കുന്നത്. കേതു അഷ്ടമത്തിലാകയാൽ ദോഷഫലങ്ങൾ അനുഭവമാകുന്ന യോഗം കാണുന്നുണ്ട്. വളരെ ശ്രദ്ധിച്ചു മുന്നോട്ടു നീങ്ങേണ്ടുന്ന കാലഘട്ടമാണിത്. ഏറെ വിമർശനങ്ങൾ സഹിക്കേണ്ടതായിവരും. പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾക്ക് ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ വഴി അപകീർത്തികൾക്കു സാധ്യതയുണ്ട്. പലവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകേണ്ട സമയമാണ്. അധിപന്റെ സ്ഥിതിയും തീരെ അനുകൂലമല്ല.'
കേരളപൊലീസിനെ അലട്ടിയ ഈ പ്രശ്നത്തിന് പരിഹാരവും സംഗീത ലക്ഷ്മണ നിർദ്ദേശിക്കുന്നുണ്ട് അത് ഇപ്രകാരമാണ് 'ഉത്തരവാദിത്വകുറവും എടുത്തുചാട്ടവും അലസതയും ബോധപൂർവം ഒഴിവാക്കുവാൻ ശ്രമിക്കണം. സംഭാഷണങ്ങളിൽ മിതത്വം പാലിക്കുന്നതാണ് ഉത്തമം. ധൈര്യപൂർവം ഓരോ കാര്യത്തെയും നോക്കിക്കാണുക. പ്രത്യേക ശ്രദ്ധ വേണം, എന്നാൽ അകാരണഭയം നല്ലതല്ല. ആത്മവിശ്വാസവും മനസാന്നിദ്ധ്യവും കൈമോശം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ചുരുക്കി പറഞ്ഞാൽ, തടവാൻ പിടിച്ചാലും തടവിലാക്കാൻ പിടിച്ചാലും കീയോ കീയോ ന്നാ...'