ബിഷപ്പിനെതിരെയുള്ള പീഡനക്കേസിൽ പൊലീസ് നീതിപാലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊച്ചിയിൽ സിസ്റ്റർമാരുടെ ഉപവാസ സമരം തുടരുകയാണ്. എന്നാൽ ഈ സമരം അതിര് വിട്ടുവെന്ന രീതിയിൽ പ്രതികരിച്ച കെ.സി.ബി.സിയെ പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അല്പം വൈകിയെങ്കിലും കേരള കത്തോലിക്കാ മെത്രാൻ സമിതി നിലപാട് വ്യക്തമാക്കി. കന്യാസ്ത്രീ സമരം അനാവശ്യമാണ്, സഭാ വിരുദ്ധമാണ്, കടുത്ത അച്ചടക്ക ലംഘനവുമാണ്. സമരത്തിൽ പങ്കെടുക്കുന്നവരും അനുഭാവം പ്രകടിപ്പിക്കുന്നവരും ഫലത്തിൽ ദൈവദൂഷണമാണ് ചെയ്യുന്നത്.
വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുർവ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണ്.
ബെനഡിക്ട് ഓണംകുളത്തിന്റെയും റോബിൻ വടക്കുംചേരിയുടെയും വീരപാരമ്പര്യമാണ് സീറോ മലബാർ സഭയ്ക്കുളളത്. ഹൈക്കോടതി ജങ്ഷനിൽ ഒന്നു രണ്ടു കന്യാസ്ത്രീകൾ സത്യഗ്രഹം ഇരുന്നാലോ കെമാൽ പാഷയും പിടി തോമസും ഐക്യദാർഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ല.
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ ഫ്രാങ്കോ പിതാവിനെ മഹത്വപ്പെടുത്തും. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവനു കിന്നരം വായിക്കും, അന്വേഷണ ഉദ്യോഗസ്ഥർ ചാമരം വീശും.
നിർദോഷിയായ സഭാ പിതാവിനെതിരെ ദുരാരോപണം ഉന്നയിച്ച കന്യാസ്ത്രീ വേഷധാരികളോ, ഗന്ധകത്തീയാളുന്ന നിത്യ നരകത്തിൽ നിപതിക്കും.