jalandhar-bishop

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം മാദ്ധ്യമങ്ങൾക്ക് നൽകിയ മിഷണറീസ് ഒഫ് ജീസസ് സന്യാസിസഭയുടെ നീക്കം വിവാദത്തിൽ. മുഖം തിരിച്ചറിയുന്ന വിധത്തിൽ ചിത്രം നൽകിയാൽ തങ്ങൾ ഉത്തരവാദികളല്ലെന്ന മുന്നറിയിപ്പോടെയാണ് വാർത്താക്കുറിപ്പിന്റെ ഭാഗമായി ചിത്രം എത്തിച്ച് നൽകിയത്. കന്യാസ്ത്രീകൾക്കെതിരെ സഭ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഒപ്പമാണ് ബിഷപ്പിന്റെ കൂടെ കന്യാസ്ത്രീ ഇരിക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചത്.

പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയാവുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കരുതെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് സഭയുടെ വിവാദ നീക്കം. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ കേസുമായി മുന്നോട്ട് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സഭയുമായി ബന്ധമില്ലാത്ത നാല് പേരുടെ സഹായം കന്യാസ്ത്രീകൾക്ക് ലഭിച്ചിരുന്നു. യുക്തിവാദികളുടെ ചിന്തകളും കന്യാസ്ത്രീകളെ സ്വാധീനിച്ചുവെന്നും സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.