p-c-george

തിരുവനന്തപുരം: സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി.സി. ജോർജ് എം.എൽ.എ. പീഡനക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾക്കെതിരെ നേരത്തേ താൻ പറഞ്ഞത് ശരിയെന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധിയോടെ ബോദ്ധ്യമായെന്ന് പ്രസ്ക്ലബ്ബിന്റെ പ്രളയാനന്തര കേരളം സംവാദ പരിപാടിക്കിടെ വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി ജോർജ് പറഞ്ഞു.
മഠത്തിലെ സ്ഥാനങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് ഇവർ പീഡന പരാതിയുമായെത്തിയത്. മാലാഖമാരെ പോലെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്ക് മുന്നിൽ പോയുള്ള ഇവരുടെ സമരം. ഈ ബിഷപ്പിനെപ്പറ്റിയും തനിക്ക് നല്ല അഭിപ്രായമില്ല. അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കിൽ ഒരു നിമിഷത്തേക്ക് അവിടെ വച്ചിരിക്കരുത്. ദേശീയ വനിതാകമ്മിഷനിൽ നിന്ന് ഈ നിമിഷം വരെ തനിക്ക് സമൻസ് കിട്ടിയിട്ടില്ല. നോട്ടീസ് കിട്ടുമ്പോൾ മറുപടി നൽകും.

ക്രിസ്ത്യൻ സമൂഹത്തെ തകർക്കാൻ സി.ഐ.എയുടെയും റഷ്യൻ ചാരസംഘടനയുടെയുമടക്കം വലിയ ഗൂഢാലോചന നടക്കുന്നു. ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്ന് വിളിക്കാനാവില്ല. 21 വയസ്സ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങൾ സ്വീകരിക്കാതിരുന്നാൽ ഇത്തരം പുഴുക്കുത്തുകളുണ്ടാവില്ല.

തന്നെ ശാസിക്കാൻ വന്ന സ്പീക്കർമാർ പിന്നെ സഭ കണ്ടിട്ടില്ല
ഇതിന് മുമ്പ് തന്നെ ശാസിക്കാൻ വന്ന സ്പീക്കർമാരാരും പിന്നീട് സഭ കണ്ടിട്ടില്ലെന്ന് ജോർജ് പറഞ്ഞു. സ്പീക്കർക്ക് താൻ മറുപടി പറയുന്നില്ല. തനിക്കെതിരായ പരാതി പരിശോധിക്കുന്ന എത്തിക്സ് കമ്മിറ്റിയിൽ താനും പങ്കെടുക്കും. തനിക്കെതിരെ സ്വമേധയാ ഇടപെട്ട സ്പീക്കർ എന്തുകൊണ്ട് പി.കെ. ശശിക്കെതിരായ പരാതിയിൽ ഇടപെടുന്നില്ല?

ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കാനാവില്ല. 29ശതമാനം വനമുള്ള കേരളത്തെ ഇനിയും വനമാക്കണമെന്ന് പറയുന്നത് കാർബൺ ക്രെഡിറ്റ് വാങ്ങി പുട്ടടിക്കാനാണ്. ഇത്തരക്കാർക്ക് കേരളത്തിലെ കർഷകൻ മറുപടി നൽകും. ഗാഡ്ഗിൽ മാത്രമല്ല ശാസ്ത്രജ്ഞൻ. പ്രളയക്കെടുതി പഠിക്കാൻ കാർബൺ ക്രെഡിറ്റ് വാങ്ങി പുട്ടടിക്കാത്ത ശാസ്ത്രജ്ഞർ വരണം. കാവിയുടുത്ത് സഞ്ചിയും തൂക്കി പല്ല് തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാവില്ലെന്നും ജോർജ് പറഞ്ഞു.