anu-sithara
പടയോട്ടത്തിന് ശേഷം അനു സിതാര വീണ്ടും ബിജു മേനോന്റെ നായികയാകുന്നു. ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോനും അനുവും ജോടികളാകുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച സജീവ് പാഴൂരാണ് തിരക്കഥ രചിക്കുന്നത്. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നാണ് നിർമ്മാണം. ഇവർ തന്നെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും നിർമ്മിച്ചത്. ഷൂട്ടിംഗ് ഈ മാസം 20 ന് വടകരയിൽ തുടങ്ങും. അലൻസിയറും അ ജുവർഗീസുമാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയുടെ വിജയത്തിന് ശേഷം അതിന്റെ തെലുങ്ക് പതിപ്പും പ്രജിത്ത് സംവിധാനം ചെയ്തിരുന്നു. അല്ലരി നരേഷും നിഖില വിമലുമാണ് അതിൽ നായികാനായകന്മാരായത്. അതേസമയം കൈനിറയെ ചിത്രങ്ങളാണ് അനു സിതാരയ്ക്ക് ലഭിക്കുന്നത്. മധുപാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ, കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജോണി ജോണി യെസ് അപ്പാ, സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻ ദ ഓസ്‌കർ ഗോസ് ടു , എ.കെ സാജൻ ചിത്രം എന്നിവയാണ് അനുവിന്റെ മറ്റു പ്രോജക്ടുകൾ. മലയാളത്തിലെ തിരക്കുകാരണം വെങ്കിടേഷും നാഗചൈതന്യയും നായകന്മാരാകുന്ന ഒരു വമ്പൻ തെലുങ്ക് പ്രോജക്ടിൽ നിന്ന് അനുസിതാര പിന്മാറിയിരുന്നു. ഇപ്പോൾ എ.കെ. സാജൻ ചിത്രത്തിൽ അഭിനയിക്കുന്ന അനു നവംബർ ഒന്നിന് സലിം അഹമ്മദ് ചിത്രത്തിൽ ജോയിൻ ചെയ്യും.