rahul-modi
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യൻ വിടാൻ സഹായിച്ചത് സി.ബി.ഐയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'കണ്ണിലുണ്ണി'യായ ഉദ്യോഗസ്ഥനാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.കെ.ശർമയാണ്,​ മല്യയ്ക്കെതിരായ ലുക്കൗട്ട് നോട്ടീസ് ദുർബലമാക്കിയതിന് പിന്നിൽ. വായ്‌പാ തട്ടിപ്പ് നടത്തി രക്ഷപ്പെട്ട വജ്രവ്യാപാരികളായ നീരവ് മോദിയേയും മെഹുൽ ചോക്‌സിയേയും രക്ഷപ്പെടാൻ അനുവദിച്ചതിന് പിന്നിലും ശർമയാണെന്നും രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു.  

മല്യ വിമാനത്താവളത്തിലെത്തിയപ്പോഴേക്കും ലുക്കൗട്ട് നോട്ടീസ് താല്‍കാലികമായി മാറ്റിയതിന്  പിന്നിൽ മോദിയാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് സി.ബി.ഐ. ഇത്തരത്തിൽ ഒരു ഉന്നത തല ഏജൻസി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ മാറ്റാൻ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുൽ പറഞ്ഞു.  

രാജ്യംവിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺജയ്റ്റ്‌ലിയെ പാർലമെന്റിലെത്തി നേരിട്ട് കണ്ട് സംസാരിച്ചതായി മല്യ വെളിപ്പെടുത്തിയിരുന്നു. ഇവർ സംസാരിക്കുന്നത് കണ്ടെന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി പിന്നാലെ കോൺഗ്രസ് രംഗത്തെത്തി.