franco
ജലന്ധർ:  കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയിൽ തനിക്കുള്ള ചുമതലകൾ എല്ലാം കൈമാറി. ഫാദർ മാത്യൂ കോക്കനാഡത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കൽ സർക്കുലറിൽ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് പൊലീസ് ബിഷപ്പിന് നോട്ടീസ് അയയ്ക്കുന്നതിന് മുന്പാണ് ചുമതലകൾ കൈമാറി ഫ്രാങ്കോ മുളയ്ക്കൽ സർക്കുലർ ഇറക്കിയത്.

എനിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് തന്നെ വ്യക്താക്കിയിട്ടുണ്ട്. പൊലീസ് എന്നെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുമെന്നും മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. സത്യം പുറത്ത് വരുന്നത് വരെ എനിക്കും പരാതിക്കാരിയായ കന്യാസ്ത്രീകൾക്കും മറ്റ് കന്യാസ്ത്രീകൾക്കും വേണ്ടി പ്രാർത്ഥിക്കണം. ഞാൻ എല്ലാം ദൈവത്തിന്റെ കൈകളിൽ അർപ്പിക്കുകയാണ് - ബിഷപ്പ് പറഞ്ഞു.

ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.  കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന നോട്ടീസ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്നലെ കൈപ്പറ്റിയിരുന്നു. കേരളാ പൊലീസ് നൽകിയ നോട്ടീസ് ജലന്ധർ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.  അറസ്റ്റിലായാലുടൻ ബിഷപ്പിനെ ലൈംഗിക ക്ഷമതാ പരിശോധനക്ക് വിധേയമാക്കും.  

ലൈംഗികാരോപണം സംബന്ധിച്ച്  സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾ ഗ്രേഷ്യസ് വത്തിക്കാനെ അറിയിച്ചിരുന്നു. ജലന്ധർ രൂപതയിലെ ചിലരെയും മിഷനറീസ് ഒഫ് ജീസസ്  സഭയിലെ കന്യാസ്ത്രീകളെയും അണിനിരത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ബിഷപ്പ്. എന്തുവന്നാലും  സ്ഥാനം ഉപേക്ഷിക്കില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ ഇതുവരെ പറഞ്ഞിരുന്നത്.

അതേസമയം,​ കേസ് അവസാനിക്കുന്നത് വരെ പൗരോഹിത്യ ചുമതലകളിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനോട് മാറിനിൽക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നല്കിയിട്ട് രണ്ടര മാസത്തോളം കഴിഞ്ഞപ്പോഴാണ് കർദ്ദിനാൾ ഒസ്വാൾ ഗ്രേഷ്യസ് ഇക്കാര്യത്തിൽ ഇടപെട്ടത്.  കന്യാസ്ത്രീകൾ പരസ്യമായി രംഗത്ത് വന്നതും പൊലീസ് അന്വേഷണ റിപ്പോർട്ടുകൾ ബിഷപ്പിനെതിരായതും ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയും ഇടപെടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതേസമയം വത്തിക്കാൻ സ്ഥാനപതികൂടിയായ ഗ്രേഷ്യസിനെ കൂടാതെ ഇന്ത്യയിലെ മറ്റ് ബിഷപ്പുമാരിൽ നിന്നും വത്തിക്കാൻ ഉപദേശം തേടുമെന്ന് അറിയുന്നു.