കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മിഷനറീസ് ഒഫ് ജീസസ് പി.ആർ.ഒ സിസ്റ്റർ എം.ജെ.അമലയെ അന്വേഷണ സംഘം വിളിച്ചു വരുത്തി വിശദീകരണം തേടും. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർക്ക് നോട്ടീസ് അയയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് മിഷണറീസ് ഒഫ് ജീസസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
ഇന്നലെയാണ് മിഷനറീസ് ഒഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഒഫ് ജീസസ് പുറത്തുവിട്ടത്. പീഡന പരാതി അന്വേഷിക്കാൻ ഇവർ വച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് സ്വകാര്യ ചടങ്ങിൽ ബിഷപ്പിനൊപ്പമിരിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവും പ്രസിദ്ധീകരിച്ചത്. മൂന്ന് പേജുള്ള റിപ്പോർട്ടിന്റെ അവസാനമാണ് ഒരു വീട് വെഞ്ചിരിപ്പിൽ മറ്റുള്ളവർക്കൊപ്പം ഇരിക്കുന്ന ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും ചിത്രം ഉൾപ്പെടുത്തിയത്. ബിഷപ്പിനെ പൂർണമായും വെള്ളപൂശുന്ന റിപ്പോർട്ടിൽ കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തിയെന്നും പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് പീഡനം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചതായി മിഷൻറിസ് ഒഫ് ജീസസ് അറിയിച്ചത്. പിന്നാലെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ, മനപ്പൂർവം അപമാനിക്കലാണ് ലക്ഷ്യമെന്ന് വ്യക്തമായതായി കന്യാസ്ത്രീക്കൊപ്പമുള്ളവർ പറയുന്നു.