കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ മാനസികമായി തകർക്കാൻ ശ്രമം നടക്കുകയാണെന്ന് സഹോദരൻ ആരോപിച്ചു. നിരന്തരം ബുദ്ധിമുട്ടിച്ചും വിഷമത്തിലാക്കിയും അവർ സഹോദരിയെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. കന്യാസ്ത്രീയുടെ ചിത്രം സഹിതമുള്ള വാർത്താക്കുറിപ്പ് മിഷനറീസ് ഒഫ് ജീസസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു സഹോദരൻ.
എന്റെ സഹോദരി പീഡനത്തിന് ഇരയായതാണ്. ഇരയുടെ ചിത്രം പുറത്ത് വിടുന്നത് ഗുരുതരമായ തെറ്റാണെന്ന് അറിയാത്തതല്ലല്ലോ. കോൺഗ്രഗേഷനിലുള്ളവർക്ക് കോടതി ഉത്തരവോ ഇരയുടെ സ്വകാര്യതയെയോ മാനിക്കണമെന്ന് അറിയാത്തത് ലജ്ജാകരമാണ്. സഹോദരിയെ ബുദ്ധിമുട്ടിച്ച് സമ്മർദ്ദത്തിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത് സഹോദരൻ പറഞ്ഞു.
ബിഷപ്പിനെതിരെയുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാൻ വത്തിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചെന്നത് തെറ്റായ വാർത്തയാണ്. നടപടിയെടുക്കാൻ സാധാരണ മൂന്ന് ദിവസം വരെ വേണ്ടിവരും. മാർപാപ്പയ്ക്കു മുന്നിൽ വിഷയം എത്തിക്കണമെങ്കിൽ ഇന്ന് തന്നെ ആവാമായിരുന്നു. അങ്ങനെയൊരു നീക്കം ഉണ്ടായിരുന്നെങ്കിൽ കേസുമായി ബന്ധമുള്ളവരെ വത്തിക്കാൻ ഇക്കാര്യം അറിയിക്കുമായിരുന്നു. എന്നാൽ ഇതുവരെ അത്തരമൊരു അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇതൊരു വ്യാജവാർത്തയായിരിക്കുമെന്ന് കരുതുന്നതായും സഹോദരൻ പറഞ്ഞു. ഇതിന് പിന്നിൽ ബിഷപ്പും അദ്ദേഹവുമായി ബന്ധമുള്ളവരും ആയിരിക്കുമെന്ന് കരുതുന്നു. ബിഷപ്പിനെതിരെ കേരളത്തിലും പുറത്തും നടക്കുന്ന സമരങ്ങളെ തകർക്കുകയെന്ന ലക്ഷ്യമായിരിക്കാം അവർക്കുള്ളതെന്നും കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു.