mammootty
ദുബായ് പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അധോലോക രാജാവിന്റെ വേഷം അവതരിപ്പിക്കുന്നു. ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രത്തിന് 'അമീർ' എന്നാണ് പേര്.  മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. സിനിമ സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. ചിത്രത്തിന്റെ ടാഗ്‌ലൈൻ 'കൺഫെഷൻസ് ഒഫ് എ ഡോൺ' (അധോലോക നായകന്റെ കുമ്പസാരം) എന്നാണ്.

ദ ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നിവയുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്,​ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമ്മാണം. ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങും. പൂർണമായും ദുബായിലാണ് ചിത്രീകരണം നടക്കുക. ജോഷി സംവിധാനം ചെയ്ത ദുബായ് ആണ് മുമ്പ് പൂർണമായി ദുബായിൽ ചിത്രീകരിച്ച മമ്മൂട്ടി ചിത്രം. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചിരുന്നു.

ameer
നിവിൻ പോളി നായകനാകുന്ന മിഖായേലാണ് ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. മിഖായേലിന്റെ നിർമ്മാതാവും ആന്റോ ജോസഫാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന 'മാമാങ്ക'മാണ് മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബഡ്ജറ്റ് പ്രോജക്ട്.  ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ഒക്ടോബർ 20 ന് കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഉണ്ടയുടെ മറ്റൊരു ലൊക്കേഷൻ ഛത്തീസ്ഗഡ് ആണ്. കൃഷ്ണൻ സേതുകുമാറാണ് ചിത്രം  നിർമ്മിക്കുന്നത്.