padayottam
മലയാളത്തിന് ഇത് രണ്ടാം പടയോട്ടം. 1982ൽ നവാഗതനായ ജിജോ പുന്നൂസ് ഒരുക്കിയ മലയാളത്തിന്റെ ആദ്യ  'പടയോട്ടം' കഴിഞ്ഞ് മൂന്നു പതിറ്റാണ്ടു പിന്നിടുന്നു. നവാഗതനായ റഫീക്ക് ഇബ്രാഹിം ഒരുക്കിയ മലയാളത്തിന്റെ രണ്ടാം  'പടയോട്ടം' രണ്ടര മണിക്കൂർ നീളുന്ന ചിരിപ്പടയോട്ടമെന്ന് തീർച്ച. മലയാളത്തിന്റെ ആദ്യ 70 എം.എം സ്ക്രീനിൽ തിളങ്ങിയത് സൂപ്പർ താരങ്ങളായ നസീറും മധുവും മമ്മൂട്ടിയും മോഹൻലാലുമെങ്കിൽ ഇത് പരിവേഷങ്ങളില്ലാത്ത 'കട്ട ലോക്കൽ' താരനിരയാണ്. അതി സാധാരണമായ പശ്ചാത്തലത്തിൽ ബിജു മേനോനെ നായക സ്ഥാനത്തുവച്ച് തമാശകൾ മാത്രം നിറയ്ക്കുന്ന വൻ താരനിരയെ ചേർത്തുവച്ചപ്പോൾ അവകാശപ്പെട്ടതുപോലെ ഒരു പരിപൂ‌ർണ എന്റർടെയ്‌നറാകുന്നു 'പടയോട്ടം.'

ഇത് ചിരിപ്പടയോട്ടം
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളിന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ പടയോട്ടം മലയാളത്തിന് സമ്മാനിക്കുന്നത് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു പുതിയ സംവിധായകനെ കൂടിയാണ്- റഫീക്ക് ഇഹ്രാഹിം. തിരുവനന്തപുരത്തെ വളരെ സാധാരണ ചുറ്രുപാടിൽ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെയും അവരുടെ അക്കിടികളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് പടയോട്ടം തുടങ്ങുന്നത്. കൂട്ടുകാർക്കൊപ്പം അല്ലറച്ചില്ലറ തരികിടകളും അടിപിടിയുമായി നടക്കുന്ന പിങ്കു (ബേസിൽ ജോസഫ്)വാണ് ആദ്യം സ്ക്രീനിലെത്തുക. പിങ്കുവിന്റെ രക്ഷകരായ സേനനും (ദിലീഷ് പോത്തൻ) രഞ്ജുവും (സുധി കോപ്പ) ശ്രീക്കുട്ടനും ( സൈജു കുറുപ്പ്) പിന്നാലെ എത്തും. പേരിനൊരു ജിമ്മും അടിപിടിയുമാണ് സേനന്റെ തൊഴിൽ. രഞ്ജു ഡ്രൈവറെങ്കിലും ജോലി ഇതൊക്കെ തന്നെ. ശ്രീ സർക്കാർ ഓഫീസിലെ പ്യൂണാണ്. എന്നാൽ പിങ്കുവിനും സംഘത്തിനുമൊപ്പം തന്നെ സഞ്ചാരം. ഇവർക്കിടയിൽ വരുന്ന ഒരു പ്രശ്നം പരിഹരിക്കാനായി സ്ഥലത്തെ പ്രധാന ഗുണ്ടയായ ചെങ്കൽ രഘു (ബിജു മേനോൻ) കൂടി എത്തുന്നതോടെ 'ചിരിപ്പട"യുടെ ഓട്ടം തുടങ്ങുകയായി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടി അവർ തിരികെ എത്തും വരെ ചിരിമരുന്നേകാൻ ഈ പടയോട്ടത്തിന് കഴിഞ്ഞിട്ടുണ്ട്.

padayottam1
ഇത് പുതിയ ഹീറോ കാലം
മാസ് ഹീറോകളുടെ കാലം കഴിഞ്ഞെന്ന് ചെങ്കൽ രഘു ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ശത്രുക്കളെ ഇടിച്ചു നിരത്തി മുണ്ട് മടക്കി കുത്തി നടന്നു നീങ്ങുന്ന ഹീറോയേക്കാൾ കൈയടി അക്കിടികൾ പിണയുന്ന 'ഹീറോ" നേടുന്ന കാലത്ത് ചെങ്കൽ രഘുവിനെയും അക്കൂട്ടത്തിൽ പെടുത്താം. 'ആട് " എന്ന മുഴുനീള കോമഡി എന്റർടെയ്‌നർ പരിചയപ്പെടുത്തുന്ന പ്രതിപാദ്യ ശൈലിയോട് പടയോട്ടം പലയിടത്തും ചേർന്നു നിൽക്കുന്നു. മനപൂർവമല്ലാതെ ഹീറോ ആയി മാറ്റപ്പെടുന്ന നായകനെ ചർച്ച ചെയ്യാനാണ് പടയോട്ടത്തിന്റെയും ശ്രമം. ആദ്യ പകുതിയുടെ ആരംഭത്തിൽ കഥ പറച്ചിലിൽ ഇഴച്ചിൽ തോന്നുമെങ്കിലും ഏറെ നേരം മുഷിപ്പിക്കില്ല. ഗാനങ്ങളും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ആസ്വാദനത്തിന് മാറ്റു കൂട്ടുന്നുണ്ട്.

ഓട്ടത്തിന് ഒരു പട
ആദ്യ ഗാനത്തിലൂടെ തന്നെ സുപ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും കൃത്യമായി പരിചയപ്പെടുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. തിരുവന്തപുരത്തു നിന്ന് പശ്ചാത്തലം എറണാകുളത്തേക്കും കാസർകോടേക്കും മാറുമ്പോൾ ഒരു റോഡ് മൂവിയോട് ചേർന്നു നിൽക്കുന്ന പടയോട്ടത്തിലേക്ക് വീണ്ടും കഥാപാത്രങ്ങൾ വന്നു നിറയുന്നു. ബ്രിട്ടോ (ലിജോ ജോസ് പെല്ലിശ്ശേരി), സൽമാൻ (ഗണപതി), ആർ.ഡി (രവി സിംഗ്), ബാബ (സുരേഷ് കൃഷ്ണ) തുടങ്ങി മലയാളത്തിന്റെ പ്രിയകഥാപാത്രങ്ങൾ ഓരോന്നായി കഥയിൽ കണ്ണി ചേരുന്നു. ഓടിത്തളർന്ന് ചെങ്കൽ രഘുവും സംഘവും അനന്തപുരിയിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രേക്ഷകർക്ക് ചിരിക്കാൻ കാര്യങ്ങൾ പിന്നെയും ബാക്കിയാകുന്നു.

padayottam2
ബിജു മേനോൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ലിജോ ജോസ്, ഗണപതി, ഐമ സെബാസ്റ്റ്യൻ, അനു സിതാര, സേതുലക്ഷ്മി, ബേസിൽ ജോസഫ് തുടങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം നിരവധി പുതുമുഖങ്ങളും പടയ്ക്കൊപ്പം ചേരുന്നുണ്ട്. രവി ശങ്കർ, വിഷ്ണുപ്രിയ, ശരത്, ലയ, ആനന്ദ്, അരുൺ, രജിത് തുടങ്ങി നിരവധി പുതുമുഖങ്ങളും കട്ടയ്ക്ക് കൂടെ നിന്നപ്പോൾ റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടത്തിന് വേഗതയേറുന്നു.

പാക്കപ്പ് പീസ്: ചിരിയടക്കേണ്ട, കൈയടിക്കാം
റേറ്റിംഗ്: 3/5