blog
ഇത്തവണത്തെ ഓണക്കാലത്തിന് തീയേറ്ററുകളിൽ  എത്തുമെന്ന് കരുതിയിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ 'ഒരു കുട്ടനാടൻ ബ്ളോഗ്' എന്ന സിനിമ. അപ്രതീക്ഷിതമായുണ്ടായ പ്രളയം കേരളത്തെ ഒന്നാകെ ബാധിച്ചപ്പോൾ സിനിമകളും നീണ്ടു.  പ്രളയം മാറി,​ മാനം തെളിഞ്ഞു. മലയാള സിനിമയും വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തുകയും ചെയ്തു. പ്രളയത്തിൽ കുട്ടനാടും മുങ്ങിയിരുന്നു. എന്നാൽ,​ പ്രളയത്തിന് മുമ്പുള്ള കുട്ടനാട്ടിലെ കുടുംബത്തിന്റെ ഹൃദയഹാരിയായ കഥ പറഞ്ഞ് തിരക്കഥാകൃത്തുക്കളായ സച്ചി - സേതു ടീമിലെ സേതു തന്റെ കന്നി സംവിധാന സംരംഭത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്.

യുവനടൻ സണ്ണി വെയ്‌ൻ ഗൾഫിലിരുന്ന് ഒരു കുട്ടനാടൻ ബ്ളോഗ് വായിക്കുന്നതിലൂടെയാണ് സിനിമയുടെ തുടക്കം. ഒടുക്കം വരെയും ഈ ബ്ലോഗിലെ കാര്യങ്ങൾ സണ്ണി വിവരിക്കുന്നുണ്ട്. ബ്ളോഗിലുള്ള കുട്ടനാട്ടിലെ കൃഷ്‌ണപുരം എന്ന ഗ്രാമത്തിലെ ദിവസേനയുള്ള സംഭവങ്ങളാണ്. വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത പണമുണ്ടാക്കിയ ശേഷം നാട്ടിലെത്തുന്ന ഹരി (എല്ലാവരുടേയും ഹരിയേട്ടൻ)യുടെ ജീവിതമാണ് സിനിമയുടെ ആകെത്തുക.  

blog3
ഒരുപക്ഷേ,​  മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ചു ചെല്ലുന്നവരെ സിനിമ നിരാശപ്പെടുത്തിയേക്കാം. കാരണം മറ്റൊന്നുമല്ല.  സംവിധായകൻ സേതു തന്റെ അരങ്ങേറ്റ ചിത്രത്തിനായി ഒരു കുടുംബകഥയാണ് തിരഞ്ഞെടുത്തത് എന്നത് തന്നെ. ആദ്യ പകുതി മുഴുവൻ ഗൾഫിൽ നിന്ന് മടങ്ങി വരുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പശ്ചാത്തലമാണ് പറയുന്നത്. കുട്ടിക്കാലം മുതലുള്ള അയാളുടെ കഥകൾ ബ്ളോഗിലെന്ന പോലെ പ്രേക്ഷകർ സാകൂതം കേട്ടിരിക്കും. ഹരി കൃഷ്ണപുരത്തുകാരുടെ ഏട്ടനാണ്. അവിടെ എന്തിനും ഏതിനും അദ്ദേഹമുണ്ടാകും. ഏത് പ്രശ്നത്തിലും ഇടപെടും. അങ്ങനെയിരിക്കെ ഹരിയുടെ ജീവിതം തന്നെ കീഴ്‌മേൽ മറിക്കുന്ന ഒരു സംഭവം ഉണ്ടാകുന്നു. അതുവരെ കൂടെയുണ്ടായിരുന്നവർ എതിരാകുമ്പോൾ ഹരി അവയൊക്കെ അതിജീവിക്കുമോ എന്നതാണ് സിനിമയുടെ രണ്ടാം പകുതിയിൽ സംവിധായകൻ അനാവരണം ചെയ്യുന്നത്. സേതു തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
blog2
മമ്മൂട്ടി എന്ന നടനെ സംബന്ധിച്ചിടത്തോളം ഒട്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമല്ല ഇത്. മുന്പും മമ്മൂട്ടി ഇത്തരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മമ്മൂട്ടിക്ക് ഹരി എന്ന കഥാപാത്രമായി മാറാൻ പ്രയാസപ്പെടേണ്ടി വന്നിട്ടില്ല,​ തന്റെ കന്നി സംവിധാന സംരഭത്തിൽ സേതു,​ മമ്മൂട്ടിയുടെ താരത്തിളക്കത്തെ  വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി എന്ന നടനിലെ കുടുംബസ്ഥനെ ഒന്നുകൂടി മിനുക്കിയെടുത്ത് സ്ക്രീനിൽ എത്തിച്ചപ്പോൾ പതിവിന്റെ ആവർത്തനമാണെങ്കിൽ കൂടി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിൽ പരുവപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചു.

വൻതാരനിര തന്നെ സിനിമയിൽ വന്നുപോകുന്നുണ്ട്. നായികമാരായി റായ് ലക്ഷ്മി,​ അനു സിത്താര എന്നിവർ എത്തുമ്പോൾ തുല്യപ്രാധാന്യമുള്ള എസ്.​ഐയുടെ വേഷത്തിൽ ഷംന കാസിമും എത്തുന്നു. ഈ മൂന്ന് നായികമാരും ഹരിയുടെ ജീവിതവുമായി ചേർന്ന് കിടക്കുന്നു. അത് എങ്ങനെയാണെന്ന് തിയേറ്ററിൽ നിന്ന് കണ്ടറിയണം. പതിവ് തെറ്റിക്കാതെ നാടൻ സൗന്ദര്യമുള്ള പെണ്ണിനെ അവതരിപ്പിച്ച് അനു പ്രേക്ഷകമനം കവരുന്നുണ്ട്.  വീണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന റായ് ലക്ഷ്‌മി ഇരുവരുടേയും രസതന്ത്രം ഒരിക്കൽ കൂടി മികച്ചതാണെന്ന് തെളിയിക്കുന്നു. സ്റ്റൈലിഷായ പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ഷംനയും വേറിട്ടു നിൽക്കുന്നു. ഒരു ഗാനരംഗത്തിൽ ഷംന ചുവട് വയ്ക്കുകയും ചെയ്യുന്നുണ്ട്.
 blog4
ലാലു അലക്സ് അവതരിപ്പിക്കുന്ന  പ‌ഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രം പ്രേക്ഷകരെ ആകർഷിക്കും. ഏറെക്കാലത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ഈ കഥാപാത്രം എന്നുപറയാം.  മമ്മൂട്ടിയുടെ അച്ഛനായി എത്തുന്ന നെടുമുടി വേണും പലിശക്കാരന്റെ വേഷത്തിൽ നിറഞ്ഞു നിൽക്കുന്നു. സഞ‍്ജു ശിവറാം, കൃഷ്ണപ്രസാദ്, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്,​ ജേക്കബ് ഗ്രിഗറി,​ പൊന്നമ്മ ബാബു,​ തെസ്നി ഖാൻ തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളുണ്ട് സിനിമയിൽ.   കുട്ടനാടിന്റെ സൗന്ദര്യമൊക്കെ ചോരാതെ തന്നെ ഛായാഗ്രാഹകൻ ഒപ്പിയെടുത്തു. ഗാനങ്ങൾ അത്ര മികച്ച അനുഭവമൊന്നും സമ്മാനിക്കില്ല.

വാൽക്കഷണം: പ്രളയത്തിൽ മുങ്ങാത്ത കുടുംബകഥ
റേറ്റിംഗ്: 3/5