balachandra-menon

ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ നമ്പി നാരായണനോടൊപ്പം കേരള ജനത ഓർക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് അന്നത്തെ ലീഡർ കെ. കരുണാകരനെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ചാരക്കേസ് വിവാദം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ ഒരു സംഭവത്തെ ഓർത്തു കൊണ്ടാണ് ബാലചന്ദ്ര മേനോൻ തന്റെ ഫേസ്ബുക്കിൽ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

'കാർഗിൽ യുദ്ധത്തിലെ ധീരജവാന്മാർക്ക് ഊർജവും ഉണർവും പകരാൻ സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ. തുടർന്ന് എന്റെ ഊഴമെത്തിയപ്പോൾ മൈക്കിൽ അനൗൺസ്‌മെന്റ് നടന്നതും വലിയൊരു കൂവലാണ് പിന്നാലെ കേട്ടത്. സംഭവം എന്താണെന്ന് നോക്കിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വരവും തുടർന്ന് കാണികളുടെ ഇടയിൽ നിന്നുണ്ടായ കൂവലുമാണെന്ന് മനസിലായത്. ജീവിതത്തിൽ ഇതുവരെ അത്തരത്തിലൊരു കൂവൽ ഞാൻ കേട്ടിട്ടില്ല. കടലിരമ്പി വരുന്നതിന് തുല്യമായിരുന്നു ആ ശബ്‌ദം.

സ്റ്റേജിലെത്തിയ ലീഡർക്ക് വാ തുറക്കാൻ പറ്റാത്ത അവസ്ഥയായി. എന്നാലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ സദസിനോടായി അദ്ദേഹം പറഞ്ഞു- 'ഗംഭീരമായി കൂവിക്കൊള്ളു, ഇനി കാണുമ്പോൾ ഇതിലും നന്നായി കൂവാൻ ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ'. ഇത്രയും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി. എന്നാൽ മുഖ്യമന്ത്രി നടന്നകലുന്നതു വരെയും 'ചാരാ ചാരാ' എന്ന വിളി ഉയർന്നു കേൾക്കാമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായി എത്തി കേരള രാഷ്‌ട്രീയത്തിലെ തന്നെ ഭീഷ്‌മാചാര്യനായി മാറിയ ഒരു വ്യക്തിയുടെ നേർക്കായിരുന്നു എന്തെന്നറിയാതെയുള്ള ജനരോഷം. ഈ സംഭവം ആ രാത്രിയിൽ അദ്ദേഹത്തെ എന്തുമാത്രം വേദനിപ്പിച്ചിരിക്കാം എന്നതായിരുന്നു അന്നത്തെ എന്റെ ചിന്ത' -ബാലചന്ദ്ര മേനോൻ പറഞ്ഞു.