mohanlal
ന്യൂഡൽഹി:  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളെ അണിനിരത്താൻ ബി.ജെ.പി തയ്യാറെടുക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, സണ്ണി ഡിയോൾ, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് എന്നിവരടങ്ങിയ 70 സെലിബ്രിറ്റികളെയാണ് സ്ഥാനാർത്ഥികളായി  പരിഗണിക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ചു കൊണ്ട് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് മോഹൻലാൽ മത്സരിക്കുക. ഡൽഹിയിൽ അക്ഷയ് കുമാർ, മുംബയിൽ മാധുരി ദീക്ഷിത്, ഗുർദാസ്‌പുരിൽ സണ്ണി ഡിയോൾ എന്നിങ്ങനെയാണ് മത്സരിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ.

കല,​ സാംസ്കാരികം,​ കായികം,​ മാദ്ധ്യമ,​ ആരോഗ്യ രംഗത്തുള്ളവരും പരിഗണനയിലുണ്ട്.  സ്വന്തം പ്രയത്നം കൊണ്ട് ജനങ്ങൾക്ക് ഇടയിൽ അംഗീകാരം നേടിയെടുത്ത നിരവധി പേർ രാജ്യത്തുണ്ട്. അവർക്കെല്ലാം തന്നെ രാജ്യത്തിന്റെ ഉന്നമനത്തിന് ഉതകുന്ന ആഴത്തിലുള്ള വ്യത്യസ്ത കാഴ്‌ചപ്പാടുകൾ മുന്നോട്ട് വയ്ക്കാനാകും. അത് നമ്മൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത് - ബി.ജെ.പി നേതാവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് കൂടുതൽ പ്രൊഫഷണലുകളേയും ജനപ്രിയരാവയരേയും  മത്സരിപ്പിക്കുന്നതെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകൾ നിർദേശിക്കാൻ ബി.ജെ.പി എംപിമാരോട് മോദി നേരത്തേ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര സർക്കാരിനും പാർട്ടി എംപിമാർക്കും എതിരെ  ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരം മറികടക്കാനാണു പ്രമുഖരെ അണിനിരത്തുന്നതെന്നു ബിജെപി നേതാവ് വ്യക്തമാക്കി.  താരങ്ങളുടെ ജനസമ്മതി കൊണ്ട് പുതിയ വോട്ടർമാരെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കാനാകുമെന്ന പ്രതീക്ഷയും ബി.ജെ.പിയ്ക്കുണ്ട്.

മോഹൻലാൽ സമ്മതം മൂളുമോ?
ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ സ്ഥാനാർത്ഥിയാകുമെന്ന് നേരത്തേയും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതൊക്കെ മോഹൻലാൽ തന്നെ നിഷേധിച്ചു. അടുത്തിടെ, തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാൽ മോദിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മോഹൻലാലിന്റെ നിലപാട്. താൻ മുമ്പും മറ്റ് പാർട്ടികളുടെ പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും അന്നും ഇത്തരം വാർത്തകൾ വന്നിട്ടുണ്ടെന്നുമായിരുന്നു മോഹൻലാലിന്റെ വിശദീകരണം.