theevandi
തിരുവനന്തപുരം:  ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ മലയാളം സിനിമകളുടെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ടൊവിനോ തോമസിനെ നായകനാക്കി ടി.പി.ഫെല്ലിനി സംവിധാനം ചെയ്ത 'തീവണ്ടി', തിരക്കഥാ കൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'ഒരു കുട്ടനാടൻ ബ്ളോഗ്' എന്നീ സിനിമകളാണ് ​തമിഴ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളുടെ  നിർമാതാക്കൾ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് ആന്റി പൈറസി സെൽ അന്വേഷണം തുടങ്ങി. സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന യൂ ടേൺ, തെലുങ്ക് നടൻ വിജയ് ദേവർകൊണ്ട നായകനായ ഗീതാ ഗോവിന്ദം എന്നീ സിനിമകളും തമിഴ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെട്ടിരുന്നു.  

kuttanadan-blog

ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന്റെ ഐ,പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആന്റി പൈറസി സെൽ സ്വീകരിച്ചു വരികയാണ്. ഈ വർഷം നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഓൺലൈനിൽ എത്തിയത്. രജനികാന്ത് നായകനായ 'കാല'യിലെ പ്രധാനപ്പെട്ട രംഗങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നേരത്തെ പ്രചരിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ് ഗൺ എന്ന വെബ്‌സൈറ്റിന്റെ ചുമതലക്കാരിലൊരളായ തിരുവല്ലിക്കെനിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ 'തുപ്പറിവാളൻ' ചോർത്തിയാണ് തങ്ങളിലൊരാളെ അറസ്‌റ്റ് ചെയ്തതിന്  പകരം വീട്ടിയത്. തമിഴ് റോക്കേഴ്സിന്റെ മൂന്ന് അഡ്മിൻമാരെ കഴിഞ്ഞ വർഷം ചെന്നൈ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇവർ മൂന്നു പേരും വിദേശത്ത് താമസിക്കുന്നവരായാതിനാൽ  അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.