modiന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ആവർത്തിക്കുന്നതിന് ട്വന്റി 20 ഫോർമുലയുമായി ബി.ജെ.പി. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തുടർച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പദ്ധതിയെന്നും മുതിർന്ന ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ക്രിക്കറ്റിലേത് പോലെ വേഗതയേറിയ തന്ത്രമായിരിക്കില്ല ഇത്. മറിച്ച് ഓരോ പ്രവർത്തകരും തങ്ങളുടെ പ്രദേശത്തെ 20 വീടുകളിലെത്തി നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതാണ് ട്വന്റി 20 പദ്ധതി.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബി.ജെ.പി ഇതിനായി നൂതന പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ 'ഹർ ബൂത്ത് ദസ് യൂത്ത്' (ഓരോ ബൂത്തിലും 10 യുവാക്കൾ), നമോ ആപ്പ് കോൺടാക്‌ട് ഇനിഷ്യേറ്റീവ്, ബൂത്ത് ടോളി തുടങ്ങിയ പദ്ധതികളും ട്വന്റി 20ക്ക് പുറമെ ബി.ജെ.പി നടപ്പിലാക്കും. തങ്ങളുടെ എം.പിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവരോട് മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോട് വിവരിക്കാൻ ബി.ജെ.പി നേതൃത്വം ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിന് ഓരോ പ്രവർത്തകനും തങ്ങളുടെ പ്രദേശത്തെ 20 വീടുകളിലെങ്കിലുമെത്തി ചായ കുടിക്കണമെന്നും ഇതിനോടൊപ്പം മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും വിവരിക്കണമെന്നും നിർദ്ദേശമുണ്ട്.

കഴിഞ്ഞ തവണ തീവ്രവിഷയങ്ങൾ ഉയർത്തിയും സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ചുമാണ് ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ത്രീ ഡി
ടെക്‌നോളജി ഉപയോഗിച്ച് ഒരേ സമയം നിരവധി ഇടങ്ങളിൽ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. ഇതിന് പുറമെ 'ചായ് പേ ചർച്ച' പോലുള്ള പദ്ധതികളും ബി.ജെ.പി നടപ്പിലാക്കിയിരുന്നു. എന്നാൽ ഇത്തവണ പ്രചാരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമായി നടത്താനാണ് പാർട്ടി തീരുമാനം. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാ‌ർട്ടികൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് തത്കാലം മറുപടി പറയേണ്ടതില്ലെന്നും സർക്കാരിന്റെ നേട്ടങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കണണമെന്നുമാണ് പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.