തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത്. ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്റെ ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെടുകയായിരുന്നെന്നും ജേക്കബ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അഴിമതിക്കേസുകൾ കൂട്ടത്തോടെ എഴുതിത്തള്ളി. അഴിമതിക്കെതിരെ നടപടി എടുത്തവരെ ക്രൂശിക്കുകയാണ് ചെയ്തത്. സത്യസന്ധരായ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വന്നു. ബാർക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നവർക്ക് സർക്കാരിൽ നിന്ന് പാരിതോഷികങ്ങൾ കിട്ടിയെന്നും ജേക്കബ് തോമസ് ആരോപിച്ചു.
വലിയ കേസുകൾ വിജിലൻസ് എഴുതിത്തള്ളുന്നുവോയെന്ന തന്റെ പരാതിയാണ് റിപ്പോർട്ട് തള്ളിയതിലൂടെ കോടതി ശരിവച്ചത്. കേസുകൾ അട്ടിമറിക്കുന്ന സംവിധാനമല്ലാതെ വിജിലൻസ് മാറിയാൽ സത്യം പുറത്തു വരും. താൻ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ഇരുന്നിരുന്നെങ്കിൽ കേസുകൾ അട്ടിമറിക്കപ്പെടുമായിരുന്നില്ല. കേസിൽ ശാസ്ത്രീയ തെളിവുകൾക്കായാണ് കാത്തിരുന്നത്. അപ്പോഴേയ്ക്കും തന്നെ നിർബന്ധിത അവധിയെടുപ്പിച്ചുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ബാർ കോഴ കേസിൽ മുൻ വിജിലൻസ് ഡയറക്ടർമാർ അടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ച എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണം.