sreedaran-pillai
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള കണ്ണൂരിൽ മാദ്ധ്യമങ്ങളോട്

 തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒരു കരുത്തൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള രംഗത്തെത്തിയത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. മറ്റ് പാർട്ടികളിൽ നിന്ന് മുൻനിര നേതാക്കളെ തന്നെ ബി.ജെ.പിയിലെത്തിക്കും. പാർട്ടിയുടെ ഉന്നത ചുമതലയുള്ള കരുത്തനായ അവന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.


കണ്ണൂരിൽ നിന്ന് കെ.സുധാകരൻ?
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ബി.ജെ.പിയിൽ ചേരുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. കേരളത്തിലെ കോൺഗ്രസുകാരെ ബി.ജെ.പിയിലെത്തിക്കുന്ന ഏജന്റാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ജയരാജന്റെ ആരോപണങ്ങൾ തള്ളിയ സുധാകരൻ താൻ കോൺഗ്രസുകാരനായി ജീവിച്ചു മരിക്കുമെന്ന് മറുപടി നൽകിയതോടെ ഈ വിവാദങ്ങൾക്ക് താത്കാലിക ശമനമുണ്ടായി.

തിരുവനന്തപുരത്ത് നടൻ മോഹൻലാൽ?
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നടൻ മോഹൻലാലിനെ ബി.ജെ.പി മത്സരിപ്പിക്കുമെന്ന വാർത്തകൾ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ മോഹൻലാൽ അദ്ദേഹത്തിന് ആശംസയർപ്പിച്ചതും തൊട്ടുപിന്നാലെ നന്ദി അറിയിച്ച് കൊണ്ട് മോദി ട്വീറ്റ് ചെയ്‌തതും അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ മോഹൻലാലോ ബി.ജെ.പി നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അസംതൃപ്‌തരെ പുറത്തെത്തിക്കാൻ ബി.ജെ.പി
കേരളത്തിലെ ഇടത് വലത് പാർട്ടികളിലെ അസംതൃപ്‌തരെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വിവരം. പ്രാദേശികമായി ഇത്തരം നിരവധി നേതാക്കൾ ഇതിനോടകം തന്നെ ബി.ജെ.പിയിലെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച നീക്കം ജില്ലാ സംസ്ഥാന നേതൃത്വനിരയിൽ ഉള്ളവർക്കിടയിൽ കൂടി നടപ്പിലാക്കാനും ബി.ജെ.പി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. എന്തായാലും കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്‌ടിക്കുമെന്ന നീക്കമായിരിക്കും ഉണ്ടാവുകയെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്.