mangalyam

വൈവാഹിക ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. പുതുമോടികളുടെ ജീവിത പോരാട്ടങ്ങളുടെ തന്മയത്വത്തോടെ അവതരിപ്പിച്ച അത്തരം സിനിമകളുടെ കൂട്ടത്തിലേക്കാണ് നവാഗതയും നടിയും ഗായികയുമായ സൗമ്യ സദാനന്ദൻ മംഗല്യം തന്തുനാനേനാ എന്ന സിനിമയുമായി എത്തുന്നത്. അടുത്തിടെ വിവാഹിതരായ നവദമ്പതികളുടെ പച്ചയായ ജീവിതമാണ് സൗമ്യയും തന്റെ കന്നി സംവിധാന സംരംഭത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു സ്ത്രീ സംവിധായികയായതു കൊണ്ടായിരിക്കാം സൗമ്യ കുടുംബസദസുകളെ ലക്ഷ്യമിട്ടതെന്ന് ചിന്തിക്കാതെ വയ്യ.

 

 

mangalyam1

 സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഗൾഫിലെ ജോലി നഷ്ടമായ ശേഷം നാട്ടിൽ മടങ്ങിയെത്തുന്ന റോയ് (കുഞ്ചാക്കോ ബോബൻ) അതിസമ്പന്നയായ ക്ളാര (നിമിഷ സജയൻ)യെ വിവാഹം ചെയ്യുന്നു. വിവാഹത്തിന്റെ ആദ്യനാളുകൾ സന്തോഷകരമായി പോയെങ്കിലും ജോലിയില്ലാതായ റോയിയുടെ ജീവിതം പിന്നീട് ദുരിതപൂർണമാകുന്നു. കടവും കടത്തിനു മീതെ കടവുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള റോയിയുടെ പെടാപ്പാടുകളാണ് സിനിമയുടെ ആകെത്തുക.

ഇടത്തരം സാമ്പത്തികമുള്ള കുടുംബത്തിൽപെട്ട നായകനും അതിസമ്പന്നയായ നായികയുടേയും ബന്ധത്തിലുണ്ടാകുന്ന ഈഗോ ക്ളാഷുകളും ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങളിലൂടെയൊക്കെയാണ് സിനിമ ആദ്യ പകുതിയിൽ മുന്നോട്ട് പോകുന്നത്. ഒരു കടം വീട്ടാൻ മറ്റൊരു കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങുന്ന ഭർത്താവിന് ഭാര്യ പിന്നീട് തണലാകുമോയെന്നത് തിയേറ്ററിൽ നിന്ന് കണ്ടറിയണം. ഈ സിനിമ കാണുമ്പോൾ, പ്രിയദർശൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മിഥുനം എന്ന സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തിയേക്കാം. മിഥുനം മാത്രമല്ല, ജയറാമും സംയുക്താ വർമയും ഒന്നിച്ച വീണ്ടും ചില വീട്ടുകാര്യങ്ങൾ എനന്ന സിനിമയും ഇതേ പ്രമേയം തന്നെയാണ് പറഞ്ഞത്. ജയറാം അവതരിപ്പിച്ച തൊഴിൽരഹിതനായ നാടകം കളിച്ചു നടക്കുന്ന കഥാപാത്രത്തിനും റോയ് എന്നായിരുന്നു പേര്. നവാഗതനായ ടോണി മഠത്തിലിന്റേതാണ് തിരക്കഥ. ഒറ്റവരി കഥയ്ക്ക് ശക്തമായ തിരക്കഥയൊരുക്കുന്നതിൽ ടോണി അത്രകണ്ട് വിജയിച്ചിട്ടില്ല. എന്നാൽ, മലയാളി പ്രേക്ഷകരുടെ ഇഷ്ടമേഖലയായ കുടുംബ കഥകൾക്ക് വേണ്ട എല്ലാ ചേരുവകളും തിരക്കഥാകൃത്ത് സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.

 

mangalyam3

 ഗൾഫിൽ നിന്ന് വന്ന ശേഷം വിവാഹിതനാവുകയും തൊഴിലൊന്നും ലഭിക്കാതെ നടക്കുകയും ചെയ്യുന്ന യുവാവായി കുഞ്ചാക്കോ ബോബൻ മികച്ചു നിൽക്കുന്നു. ഭാര്യയുടെ വീട്ടുകാരിൽ നിന്ന് സഹായം സ്വീകരിക്കാനുള്ള ഈഗോയുള്ള കഥാപാത്രമായും കുഞ്ചാക്കോ ബോബൻ പ്രേക്ഷകരെ മനസിലിടം നേടും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അരങ്ങേറിയ നിമിഷ സജയൻ അവതരിപ്പിക്കുന്ന ക്ളാര എന്ന കഥാപാത്രം അതിസമ്പന്നയാണെങ്കിലും സാധാരണ കാണാറുള്ള ഭാര്യമാരെ പോലെയെല്ല. കുഞ്ചാക്കോ ബോബനും നിമിഷയും തമ്മിലുള്ള രസതന്ത്രം സിനിമയിൽ നല്ലതു പോലെ പ്രവർത്തിക്കുന്നുണ്ട്.

 

mangalyam4

 കുഞ്ചാക്കോ ബോബന്റെ അമ്മയുടെ വേഷത്തിലെത്തുന്ന ശാന്തികൃഷ്‌ണ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. ഹരീഷ് കണാരനാണ് തമാശയുടെ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സ്വതസിദ്ധമായ തന്റെ ശൈലിയിലുള്ള തമാശകളുമായി ഹരീഷ് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. വിജയരാഘവൻ, അലൻസിയർ ലെ ലോപ്പസ്, സലിം കുമാർ. ചെമ്പിൽ അശോകൻ, റോണി ഡേവിഡ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങൾ. സൗബിൻ ഷാഹിർ, അശോകൻ എന്നിവർ അതിഥി താരമായി എത്തുന്നു.

തൊടുപുഴയുടെ ഗ്രാമീണ സൗന്ദര്യം ഛായാഗ്രാഹകനായ അരവിന്ദ് കൃഷ്ണ ഒപ്പിയെടുത്തിട്ടുണ്ട്. ഗാനങ്ങൾ എല്ലാം തന്നെ ആഘോഷ മൂഡ് സമ്മാനിക്കുന്നവയാണ്.

വാൽക്കഷണം: കുടുംബത്തിൽ തൊട്ടുള്ള കളിയാണ്
റേറ്റിംഗ്: 2.5/5