ഒരു പളുങ്കു കുപ്പിയിൽ നിറച്ച വീഞ്ഞിന്റെ ലഹരിയാണ് ഓരോ അമൽ നീരദ് ചിത്രത്തിലും പ്രേക്ഷക പ്രതീക്ഷ. ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ 'വരത്തനാ"ക്കിക്കൊണ്ടുള്ള അമൽ നീരദിന്റെ വരവ് പ്രതീക്ഷകൾ തകർത്തില്ല. ത്രില്ലർ സ്വഭാവം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം അവതരണഭംഗി കൊണ്ട് പുതിയ കാഴ്ചാനുഭവമാകുന്നു.
ആരാണ് വരത്തൻ?
പുറത്തു നിന്ന് കടന്നുവരുന്നവരെല്ലാം വരത്തൻമാരാണ്. അത് മറ്രൊരാളുടെ ജീവിതത്തിലേക്കായാലും പറമ്പിലേക്കായാലും. ഒരു വരത്തൻ നായകനാകുന്ന ചിത്രം പ്രതിനായകരാക്കുന്നതും ചില വരത്തൻമാരെയാണ്. നോട്ടം കൊണ്ട് പോലും മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു കയറുന്ന ഇവരോടുള്ള കരുണയില്ലാത്ത യുദ്ധമാണ് അമൽ നീരദിന്റെ വരത്തൻ.
ദുബായിലെ ജോലി നഷ്ടപ്പെടുന്ന എബി (ഫഹദ് ഫാസിൽ) ഭാര്യ പ്രിയയുമായി (ഐശ്വര്യ ലക്ഷ്മി) പ്രിയയുടെ നാട്ടിലേക്ക് മടങ്ങുന്നു. പതിനെട്ടാം മൈലിലെ പ്രിയയുടെ പപ്പയുടെ തോട്ടത്തിലേക്ക് എബിക്കൊപ്പം പ്രേക്ഷകർക്കും കടന്നു ചെല്ലാം. ഈ മലയോര ഗ്രാമത്തിലെ വലിയ വീട്ടിൽ അവർ ജീവിതം തുടങ്ങുന്നു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്ത എബിയുടെയും പ്രിയയുടെയും ജീവിതത്തിലേക്ക് പ്രശ്നക്കാരായെത്തുന്നത് അന്നാട്ടുകാരാണ്. നോട്ടം കൊണ്ടും ചെയ്തി കൊണ്ടും അവരുടെ ജീവിതത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളെ എബിയും പ്രിയയും തരണം ചെയ്യുന്നു. എന്നാൽ ഇത് മാത്രമല്ല വരത്തന് പറയാനുള്ളത്. അലിഖിത നിയമങ്ങളുണ്ടാക്കി സമൂഹത്തെ സദാചാരത്തിനകത്ത് നിറുത്താൻ ശാഠ്യം പിടിക്കുന്നവർക്കെല്ലാമുള്ള മറുപടി കൂടിയാകും വരത്തൻ തരിക.
പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാത്ത ആദ്യ പകുതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ത്രില്ലർ ഘടകം തന്നെയാണ്. ഒരു മലയോര ഗ്രാമത്തിലെ ഒറ്രപ്പെട്ട വീടും ചുറ്റുപാടും നിഗൂഡമായ കാമറ കണ്ണുകളും ചിത്രത്തിന് കൃത്യമായ ത്രില്ലർ സ്വഭാവം നൽകുന്നു. എന്നാൽ സംഭവ ബഹുലമായ രണ്ടാം പകുതിക്കുവേണ്ടിയുള്ള കാത്തിരിപ്പും ഏറെ നേരം ഇതേ രീതിയിൽ മുന്നോട്ടു പോകും. അവസാന ഭാഗത്തോടടുത്ത് വരത്തനായ എബി നായകന്റെ കോട്ടിടുന്നതോടെ ബിഗ് ബിയിലും ബാച്ചിലർ പാർട്ടിയിലും ഇയോബിന്റെ പുസ്തകത്തിലും കണ്ട അമൽ നീരദ് ശൈലി ചിത്രമായി വരത്തൻ മാറുന്നു. സുഷിൻ ശ്യാമിന്റെ സംഗീതത്തിന്റെ അകമ്പടിയിൽ ലിറ്റിൽ സ്വയമ്പിന്റെ കാമറയിലൂടെ കാര്യങ്ങൾ ആവേശത്തിലേക്കുയരുന്നു. അമൽ നീരദ് സിഗ്നേച്ചർ അവശേഷിപ്പിക്കുന്ന ക്ലൈമാക്സ് രംഗത്തിനൊടുവിൽ അതിക്രമിച്ചു കടക്കുന്നവർ തോക്കിനിരയാകുമെന്ന് വളരെ ലളിതമായി പറഞ്ഞുപോകുന്ന വരത്തൻ കൈയടി നേടും.
നോട്ടങ്ങൾ ഇനി സൂക്ഷിച്ച്
പെൺ ശരീരത്തിലേക്ക് കടന്നു കയറുന്ന നോട്ടങ്ങളെ അശ്ലീല തമാശകളാക്കി തള്ളിക്കളഞ്ഞ മലയാള സിനിമയിൽ ഈ നോട്ടങ്ങൾ എത്രമാത്രം അസ്വസ്ഥമാണെന്ന് വരത്തൻ കാട്ടിത്തരുന്നു. നോട്ടങ്ങളെയും സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചുമുള്ള പ്രിയയുടെ പരാതികളെ എബിയെ പോലെ തള്ളിക്കളയുന്ന സമൂഹത്തിനു മുന്നിലേക്ക് അതിന്റെ ആഴവും ഭീതിയും വരച്ചുവയ്ക്കാൻ വരത്തന് കഴിഞ്ഞിട്ടുണ്ട്. ഈ നോട്ടക്കാർക്കൊപ്പം ഫ്രെയിമിലെ പെണ്ണുടലിലേക്ക് നീളുന്ന പ്രേക്ഷക നോട്ടത്തെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. അതിക്രമിച്ചു കയറിവരുന്ന നോട്ടങ്ങൾ ഇല്ലാതാക്കപ്പെടേണ്ടതു തന്നെയെന്ന നിലപാടും വരത്തൻ വ്യക്തമാക്കുന്നു. നവാഗതരായ സുഹാസ്- ഷറഫു കൂട്ടുകെട്ടിൽ പിറന്ന തിരക്കഥയുടെ ആഴം ഓരോ ഫ്രെയിമിലും അനുഭവവേദ്യമാക്കാൻ സംവിധായകന് സാധിച്ചു.
നായികാ പ്രാധാന്യമുള്ള വിഷയത്തിൽ പ്രിയയെന്ന കഥാപാത്രത്തോട് ഐശ്വര്യ ലക്ഷ്മി നൂറുശതമാനം നീതി പുലർത്തി. എബിയെ നായകസ്ഥാനത്തു നിറുത്തുമ്പോഴും അതിനായക പരിവേഷം നൽകാൻ ശ്രമിച്ചത് കല്ലുകടിയാകുന്നുണ്ട്. എങ്കിലും അമൽ നീരദ് ചിത്രം പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഇത് രസിപ്പിക്കും. പ്രിയയുടെ പപ്പയുടെ തോട്ടത്തിലെ കാര്യസ്ഥനായി ദിലീഷ് പോത്തനും നാട്ടുകാരായി വേഷമിട്ട ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ചേതൻ ജയലാൽ, വിജിലേഷ്, അർജുൻ അശോകൻ, ഷോബി തിലകൻ തുടങ്ങിയവരെല്ലാം വരത്തന്റെ താരനിരയെ മികവുറ്റതാക്കി.
പാക്കപ്പ് പീസ്: വരത്തന്മാർ ചില്ളറക്കാരല്ല
റേറ്റിംഗ്: 3/5