vellappally-natesan

 കൊല്ലം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതികരിച്ച് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികമാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സാധാരണക്കാരായിരുന്നുവെങ്കിൽ അറസ്റ്റ് ചെയ്യുമായിരുന്നെന്നും കന്യാസ്തീകളുടെ സമരത്തെക്കുറിച്ച് എസ്.എൻ.ഡി.പി യോഗത്തിന് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശം.

കന്യാസ്ത്രീ സമരത്തിന്റെ മറവിൽ എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായ സമര പരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം. ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി എത്തിയതും അവർക്ക് പിന്തുണയുമായ നാല് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരത്തിന് വന്നതും സഭയിൽതന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും കോടിയേരി പറഞ്ഞു.