ട്രാൻ സ്ഫാറ്റുകൾ എന്ന കൊഴുപ്പ് കൊളസ്ട്രോൾ നില അപകടകരമായി ഉയർത്തുന്നവയാണ്. ബേക്കറി പലഹാരങ്ങൾ, ചിപ്സുകൾ, വറുത്ത മത്സ്യം, മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഞ്ച്, ഞണ്ട് , കൊഴുപ്പടങ്ങിയ പാൽ, പാലുത്പന്നങ്ങൾ , വനസ്പതി എന്നിവ ട്രാൻസ്ഫാറ്റിന്റെ കലവറയാണ്. എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക. തവിടുള്ള അരി, ധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊളസ്ട്രോളിനെ പ്രതിരോധിക്കും.
റാഗി, ഓട്സ് , ഗോതമ്പ് എന്നിവ കഴിക്കുക. നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം കൊളസ്ട്രോളിനെ തടയും. വെളുത്തുള്ളി, കറിവേപ്പില, വാഴപ്പിണ്ടി, മുരിങ്ങയില, ചീര, കാന്താരി, നെല്ലിക്ക, പപ്പായ, പേരയ്ക്ക, സപ്പോട്ട എന്നിവയും കൊളസ്ട്രോൾ പ്രതിരോധത്തിന് മുൻപന്തിയിലാണ്. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്ന മത്തി, ചൂര, അയല എന്നീ മത്സ്യങ്ങൾ കഴിക്കുക. വ്യായാമം ജീവിതചര്യയാക്കുക. നടത്തം, സൈക്ളിംഗ്, നീന്തൽ, പടികയറൽ എന്നിവ മികച്ച വ്യായാമങ്ങളാണ്. ധ്യാനവും യോഗയും ശീലിക്കുക. കാരണം മാനസിക സമ്മർദ്ദം കൊളസ്ട്രോൾ നില ഉയർത്തുന്ന ഘടകമാണ്.