ബംഗളൂരു: കർണാടകയിലെ മൂന്ന് വിമത കോൺഗ്രസ് എം.എൽ.എമാരെ കഴിഞ്ഞ ദിവസം മുതൽ കാണാതായെന്ന വാർത്ത രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയാക്കി. ഇവർ ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയെന്നും ഉടൻ തന്നെ 10 എം.എൽ.എമാർ കൂടി കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഭരണം നഷ്‌ടപ്പെട്ടതിന്റെ നാണക്കേടിന് പ്രതികാരം ചെയ്യാൻ ബി.ജെ.പി കരുക്കൾ നീക്കുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.
മുൻമുഖ്യമന്ത്രി സിദ്ദരാമയ്യയുടെ എതിർചേരിയിൽ പെട്ട എം.ടി.ബി നാഗരാജ്, ഡി.സുധാകർ, എച്ച് നാഗേഷ് എന്നിവരാണ് പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ചെന്നൈയിലേക്ക് പോയത്. ഇതിന് പിന്നാലെ ഇവർ ബി.ജെ.പി ക്യാമ്പിലെത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇവരെ സിദ്ദരാമയ്യ ബന്ധപ്പെട്ടുവെന്നും എം.എൽ.എമാർ പാർട്ടി വിടില്ലെന്നും കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മൂന്ന് പേരുടെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ബി.ജെ.പി അദ്ധ്യക്ഷൻ യെദിയൂരപ്പയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഓരോ എം.എൽ.എമാർക്കും അഞ്ച് കോടി രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് വാഗ്‌ദ്ധാനം ചെയ്‌തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആദായ നികുതി വകുപ്പിനെ സമീപിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിൽ പ്രാതിനിധ്യം കിട്ടാതിരുന്നവരും ജെ.ഡി.യു സഖ്യത്തിൽ അതൃപ്‌തിയുള്ളവരുമായ ചില കോൺഗ്രസ് നേതാക്കൾ തങ്ങളെ സമീപിച്ചിരുന്നുവെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. തങ്ങളെ സമീപിച്ച കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുക മാത്രമാണ് ചെയ്‌തത്. ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ തങ്ങൾ ചെയ്യില്ലെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.