സ്വന്തം വീടും പരിസരവും വാഹനവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നവരാണ് മിക്കവരും. എന്നാൽ പൊതുനിരത്തിലേക്ക് ഇറങ്ങുമ്പോഴാകട്ടെ ഈ ശുചിത്വ ബോധം പതിയെ നമ്മളിൽ നിന്ന് അപ്രത്യക്ഷമാകും. പൊതുനിരത്തുകൾ മാലിന്യങ്ങൾ വലിച്ചെറിയാൻ വേണ്ടിയുള്ളതാണെന്നാണ് മിക്കവരുടെയും വിചാരം. കാണുന്നിടത്തെല്ലാം മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മളാരും ചിന്തിക്കാറില്ലെന്നതാണ് സത്യം. ഇത്തരത്തിൽ ട്രാഫിക് സിഗ്‌നലിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ സ്ത്രീയോട് ബൈക്കുകാരൻ പ്രതികാരം ചെയ്‌തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ട്രാഫിക് സിഗ്‌നലിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നതും പുറകിലെ വാഹനത്തിലുണ്ടായിരുന്നവർ ഇതേപ്പറ്റി സംസാരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിൽ. തൊട്ടുപിന്നാലെ ഒരു ബൈക്കുകാരൻ സംഭവസ്ഥലത്തേക്ക് എത്തുകയും മാലിന്യങ്ങൾ പെറുക്കിയെടുത്ത് കാറിനുള്ളിലേക്ക് തന്നെ ഇടുകയുമായിരുന്നു. കാറിലുള്ളവരുടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ തന്നെ ബൈക്കുകാരൻ തന്റെ യാത്ര തുടർന്നു. തുടർന്ന് കാറിനുള്ളിൽ നിന്നും ഒരുസ്ത്രീ ഇറങ്ങി ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ സംഭവം എവിടെയാണ് നടന്നത് എന്നതിനെപ്പറ്റി വ്യക്തതയില്ല.