ചെന്നൈ: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്ന് ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന ആർ.ബി.ശ്രീകുമാർ അതിക്രൂരമായി ശാരീരിക പീഡനം ഏൽപിച്ചെന്ന് കേസിലെ വിവാദനായിക മറിയം റഷീദ ആരോപിച്ചു. ചാരക്കേസ് അന്വേഷിച്ച മുൻ എ.ഡി.ജി.പി സിബി മാത്യൂസ്, മുൻ പൊലീസ് ഉദ്യോഗസ്ഥൻ എസ്. വിജയൻ എന്നിവരും തന്നെ കസ്‌റ്റഡിയിൽ പീഡിപ്പിച്ചതായി മറിയം റഷീദ് നേരത്തെ ആരോപിച്ചിരുന്നു.
പീഡനത്തെ കുറിച്ച് മറിയം റഷീദ പറയുന്നത് ഇങ്ങനെ:
ശ്രീകുമാറും സംഘവും രണ്ട് പേരുടെ ചിത്രങ്ങൾ എന്നെ കാണിച്ച ശേഷം അവരെ അറിയുമോയെന്ന് ചോദിച്ചു. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റേയും അന്ന് ഐ.ജിയായിരുന്ന രമൺശ്രീവാസ്തവയുടേയും ചിത്രങ്ങളായിരുന്നു അത്. അറിയില്ലെന്ന് മറുപടി നൽകിയപ്പോൾ ഉദ്യോഗസ്ഥരിലൊരാൾ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത് എന്റെ കാലിൽ അടിച്ചു. 23 വർഷങ്ങൾക്ക് ശേഷം അതേ ഉദ്യോഗസ്ഥൻ ടെലിവിഷൻ ചാനലിൽ ഇരുന്ന് ചാരക്കേസ് ചർച്ചയിൽ പങ്കെടുക്കുന്നത് ഞാൻ കണ്ടു. അപ്പോഴാണ് എന്നെ മർദ്ദിച്ചത് ശ്രീകുമാറാണെന്ന് മനസിലായത്.
കോടതിയിൽ ഹാജരാക്കിയ എന്നോട് ജഡ്‌ജി ഒന്നും ചോദിച്ചില്ല. പല പല കോടതികളിലായി തന്നെ ഹാജരാക്കി. എന്താണ് സംഭവിക്കുന്നതെന്നും പോലും മനസിലായില്ല. എപ്പോഴും പൊലീസുകാർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. എന്റെ അഭിഭാഷകനോട് പോലും സംസാരിക്കാൻ അനുവദിച്ചില്ല - മറിയം റഷീദ പറഞ്ഞു.
ചോദ്യം ചെയ്തു, മൂന്നാംമുറ ഉപയോഗിച്ചില്ല: ശ്രീകുമാർ
താൻ മറിയം റഷീദയെ ചോദ്യം ചെയ്തിരുന്നതായി ശ്രീകുമാർ പറഞ്ഞു. എന്നാൽ മൂന്നാംമുറ ഉപയോഗിച്ചിരുന്നില്ല. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ബി.ജെ.പിയാണ്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നീങ്ങിയതിന് പ്രതികാരം വീട്ടുകയാണ് അവർ. ഞാൻ മറിയം റഷീദയെ പീഡിപ്പിച്ചെങ്കിൽ അവർ എന്തുകൊണ്ടാണ് കോടതിയിൽ പറയാതിരുന്നതെന്നും ശ്രീകുമാർ ചോദിച്ചു.