ന്യൂഡൽഹി: പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും സഫലതയേകി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് അപകടത്തിൽപെട്ട നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ പായ്‌വഞ്ചി തകർന്നാണ് അഭിലാഷിന് അപകടം സംഭവിച്ചത്. ഫ്രഞ്ച് യാനമായ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷ് സുരക്ഷിതനാണെന്ന് നാവിക സേന അറിയിച്ചു. അഭിലാഷ് ടോമിയെ ഉടൻ തന്നെ ആംസറ്റർഡാമിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.
പായ്‌മരങ്ങൾ തകർന്ന് പ്രക്ഷുബ്ധമായ കടലിൽ വൻതിരമാലകളിൽ ഉയർന്ന് പായ്‌വഞ്ചി തകർന്നാണ് അഭിലാഷ് ടോമിക്ക് പരിക്കേറ്റത്. നടുവിന് പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചത് മുഴുവൻ ഛർദിച്ചെന്നും അഭിലാഷ് ജി.പി.എസിലൂടെ സന്ദേശമയച്ചിരുന്നു. രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായത് കൊണ്ടാണ് രക്ഷാപ്രവർത്തനം വൈകിയത്. പോരാത്തതിന് കനത്ത മഴയും കൂറ്റൻ തിരമാലയും കാറ്റും തടസമായി.