കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.
അതേസമയം, കസ്റ്റഡിയിലുള്ള ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധന, തെളിവെടുപ്പുൾപ്പെടെ നിർണായക ഘട്ടങ്ങൾ പൂർത്തീകരിച്ച ശേഷമാണ് പൊലീസിന്റെ നടപടി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.