bjp

പനാജി: മനോഹർ പരീക്കറിന്റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബി.ജെ.പി മന്ത്രിമാരായ ഫ്രാൻസിസ് ഡിസൂസ, പാണ്ഡുരങ്ക് മാട്‌കൈക്കർ എന്നിവരാണ് രാജിവച്ചത്. അസുഖബാധിതരായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. അതേസമയം, മുഖ്യമന്ത്രി മനോഹർ പരീക്കർ പാൻക്രിയാസിൽ അസുഖബാധിതനായതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലാണ്.

നഗര വികസന വകുപ്പ് മന്ത്രിയായ ഫ്രാൻസിസ് ഡിസൂസയെ അമേരിക്കയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഊർജ വകുപ്പ് മന്ത്രിയായ പാണ്ഡുരങ്ക് മാട്‌കൈക്കർ ജൂണിൽ മസ്തിഷ്‌കാഘാതം വന്നതിനെ തുടർന്ന് മുംബൈയിലും ചികിത്സയിലാണ്.

ഇവർക്ക് പകരം ബി.ജെ.പി എം.എൽ.എമാരായ നിലേഷ് കബ്രാൾ, മിലിന്ദ് നായിക്ക് എന്നിവർ ഇവർക്ക് പകരം മന്ത്രിമാരാകും. മുൻ ഊർജ വകുപ്പ് മന്ത്രി കൂടിയായ മിലിന്ദ് നായിക്ക് മോർമുഗാവോ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. കുർച്ചോറെം നിയമ സഭാ മണ്ഡലത്തിലെ എം.എൽ.എയാണ് നിലേഷ് കബ്രാൾ. ആദ്യമായാണ് നീലേഷ് കബ്രാൾ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത്.

അതേസമയം, ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തുടരുമെന്നും എന്നാൽ, അധികംവൈകാതെ മന്ത്രിസഭയിൽ അഴിച്ചുപണികളുണ്ടാകുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗോവയിൽ നടന്ന ബി.ജെ.പി കോർ കമ്മിറ്റിസമ്മേളനത്തിന് ശേഷം ട്വിറ്ററിലൂടെയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

പാൻക്രിയാസിൽ അസുഖബാധിതനായി മുഖ്യമന്ത്രി പരീക്കറിനെ ഡൽഹി എയിംസിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച അന്നുമുതൽത്തന്നെ ഗോവയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ചരടുവലികളും നടന്നിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഗോവയിലെ ഭരണം താറുമാറിലാണെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർണർക്ക് കത്തുനൽകുകയും ചെയ്തിരുന്നു.