ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയിൽ വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ പത്തൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുത്തൻ വീട്ടിൽ ജെറിൻ രാജുവിനെയാണ് പൊലീസ് പിടികൂടിയത്.
മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (52) യാണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങുന്നതിനായി ജെറിൻ തുളസിയുടെ വീട്ടിലെ അലമാരയിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ജനാലയിൽ കെട്ടിത്തൂക്കി തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ജെറിൻ രക്ഷപ്പെട്ടത്. ഇയാൾ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.