nitin-sandesara

ന്യൂഡൽഹി:  ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റെർലിംഗ് ബയോടെക് എന്ന കമ്പനിയുടെ ഉടമയായ നിതിൻ സന്ദേശരയാണ് 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം നൈജീരിയയിലേക്ക് മുങ്ങിയത്. സന്ദേശരയെ കൂടാതെ സഹോദരൻ ചേതൻ സന്ദേശര, ഭാര്യ ദീപ്തിബെൻ എന്നിവരാണ് നൈജീരിയയിലേക്ക് കടന്നത്. സന്ദേശര ദുബായിൽ പിടിയിലായതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സന്ദേശര യു.എ.ഇയിൽ ഉണ്ടെന്ന ധാരണയിൽ പ്രതിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ എൻഫോഴ്സ്‌മെന്റും സി.ബി.ഐയും നടത്തി വരുന്നതിനിടെയാണ് പുതിയ വിവരം പുറത്ത് വന്നത്.  


ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്.ബി.ഐ,​ അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ കൺസോർഷ്യത്തിൽ നിന്ന് സ്റ്റെർലിംഗ് ബയോടെക്  5000 കോടി വായ്‌പ എടുത്തിരുന്നു.  2016 ഡിസംബർ 31ലെ കണക്ക് അനുസരിച്ച് പലിശയടക്കം ആകെ 5383 കോടി രൂപയാണ് സ്റ്റെർലിംഗ് തിരച്ചടയ്ക്കേണ്ടത്. സന്ദേശരയെ കൂടാതെ കമ്പനി ഡയറക്ടർമാരായ ചേതൻ സന്ദേശര, ദീപ്തി ചേതൻ സന്ദേശര, രാജ്ഭൂഷൺ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ഹേമന്ത് ഹാത്തി എന്നിവരും കേസിൽ പ്രതികളാണ്. ഈ കേസിൽ ഡൽഹിയിലെ വ്യവസായി ഗഗൻ ധവാൻ, ആന്ധ്ര ബാങ്ക് മുൻ ഡയറക്ടർ അനൂപ് ഗാർഗ്, രാജ്ഭൂഷൺ ദീക്ഷിത് എന്നിവരെ നേരത്തേ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഗഗന്റേയും ഗാർഗിന്റേയും 4700 കോടി വരുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയും എൻഫോഴ്സ്‌മെന്റ് കണ്ടുകെട്ടി.

വായ്പ വഴിമാറ്റാനായി സന്ദേശര ഇന്ത്യയിലും വിദേശത്തുമായി 300 ബിനാമി കന്പനികളെയാണ് ഉപയോഗിച്ചത്. ബാലൻസ് ഷീറ്റുകളിൽ തിരിമറി നടത്തിയും വരുമാനം കുറച്ച് കാണിച്ചും ഇൻസൈഡർ ട്രേഡിംഗ് വഴിയുമായിരുന്നു കൃത്രിമം കാണിച്ചത്. ഡമ്മി ഡയറക്ടർമാരുടെ സഹായത്തോടെ സന്ദേശര തന്നെയാണ് ഈ കന്പനികളെ നിയന്ത്രിച്ചിരുന്നത്. സ്റ്റെർലിംഗ് ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരോ മുൻ ജീവനക്കാരോ ആയിരുന്നു ഡയറക്ടർമാർ.

അതേസമയം, സന്ദേശരയുടെ അറസ്റ്റിന്റെ സാദ്ധ്യതകളെ കുറിച്ച് ഒരിക്കൽകൂടി യു.എ.ഇയോട് വിവരങ്ങൾ തേടാൻഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇവർക്കെതിരെ ഇന്റർപോളിന്റെ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും ശ്രമം നടത്തിവരികയാണ്.