പാരീസ്: റാഫേൽ യുദ്ധവിമാന ഇടപാട് ചൂട് പിടിക്കുന്നതിനിടെ മുൻ പ്രസിഡന്റ് ഫ്രാൻഷ്വേ ഒലാന്തിന്റെ വെളിപ്പെടുത്തൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഫ്രാൻസ്. ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുമോയെന്ന ആശങ്ക തങ്ങൾക്കുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യ സഹമന്ത്രി ഴാൻ ബാപ്‌റ്റിസ്റ്റെ ലിമോയ്‌നെ പറഞ്ഞു.
ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാം. ഇത് ഇരു രാജ്യങ്ങൾക്കും നല്ലതല്ല, പ്രത്യേകിച്ച് ഫ്രാൻസിന്. ഒലാന്ത് ഇപ്പോൾ അധികാരത്തിൽ ഇല്ലാതിരിക്കെ ഇന്ത്യയിൽ വിവാദമുണ്ടാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ല - ലിമോയ്നെ പറഞ്ഞു.
റാഫേൽ യുദ്ധവിമാന കരാറിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഫ്രാൻഷ്വ ഒലാന്തിനെ ഉദ്ധരിച്ചാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. അനിൽ അംബാനിയുടെ റിലയൻസിനെ ഇടപാടിൽ പങ്കാളിയായി നിശ്ചയിച്ചത് ഇന്ത്യയാണെന്നും അതിൽ ഫ്രാൻസിന് മറ്റ് വഴികളില്ലായിരുന്നെന്നുമായിരുന്നു ഒലാന്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ നിർദ്ദേശപ്രകാരം റാഫേൽ യുദ്ധവിമാന നിർമ്മാതാക്കളായ ഡസൗൾട്ട് ഏവിയേഷൻ റിലയൻസിനെ പങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. അനിൽ അംബാനി ഗ്രൂപ്പുമായി ഡസൗൾട്ട് ചർച്ചകൾ നടത്തിയെന്നുംഫ്രഞ്ച് സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് നിർദ്ദേശങ്ങളില്ലായിരുന്നെന്നും ഒലാന്തെ വ്യക്തമാക്കി. എന്നാൽ, ഒലാന്തിന്റെ ആരോപണങ്ങൾ ഡസൗൾട്ട് തള്ളിയിരുന്നു.
2016ലാണ് മോദി സർക്കാർ ഫ്രഞ്ച് സർക്കാരുമായി നേരിട്ട് വിമാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. 58,000 കോടി രൂപയ്‌ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.