കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻകൂർ ജാമ്യഹർജി നിലനിൽക്കെ അറസ്റ്റ് ചെയ്തത് കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മതിയായ കാരണമില്ലാതെയാണ് അറസ്റ്റെന്നും കാണിച്ചാണ് ഹർജി നൽകിയത്.
മുൻകൂർ ജാമ്യഹർജി പരിഗണനയിലിരിക്കെയാണ് അറസ്റ്റ് ചെയ്തതെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചിട്ടില്ലെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടിയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയിൽ നടപടി സ്വീകരിച്ചതിലുള്ള വ്യക്തിവൈരാഗ്യം നിമിത്തമാണ് പീഡനപരാതി നൽകിയതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. നേരത്തെ ജലന്ധറിലെത്തിയ പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായി. ഇതിനുപുറമേ മൂന്നുദിവസം പൊലീസ് നൽകിയ നോട്ടീസ് അനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരായതായും ഹർജിയിൽ പറയുന്നു.
കേരളത്തിലേക്ക് എത്തിയാൽ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോട്ടയം എസ്.പിക്ക് പരാതി നൽകി. ഇതിനു ശേഷമായിരുന്നു പീഡനപരാതി. കന്യാസ്ത്രീയുടെ ആദ്യപരാതിയിൽ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് പറയുന്നില്ല. കുറവിലങ്ങാട് മഠത്തിൽ നിന്ന് വസ്ത്രങ്ങളും മറ്റും കണ്ടെടുത്തെന്ന് പറയുന്നു. ശാസ്ത്രീയ പരിശോധനയെന്ന പേരിൽ വ്യാജതെളിവുകൾ പൊലീസ് ഉണ്ടാക്കുകയാണ്. തനിക്കെതിരെ ക്രിമിനൽ കേസൊന്നും നിലവിലില്ല. കോടതി പറയുന്ന ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണ്. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജയിലിൽ കഴിയുന്നത് ആരോഗ്യനില വഷളാക്കും. ഇക്കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു.