കോട്ടയം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ ആറുവരെ റിമാൻഡ് ചെയ്തു. പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഫ്രാങ്കോയെ മാറ്റി. രാജ്യത്ത് ആദ്യമായാണ് പീഡനക്കേസിൽ ഒരു ബിഷപ്പിന് ജയിലിൽ കഴിയേണ്ടി വരുന്നത്. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ മജിസ്ട്രേറ്റ് എസ്. ലക്ഷ്മിയാണ് റിമാൻഡ് ചെയ്തത്.
കോട്ടയം പൊലീസ് ക്ളബിൽ രണ്ട് ദിവസമായി കഴിഞ്ഞിരുന്ന ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പാലായ്ക്ക് കൊണ്ടുപോയത്. സുരക്ഷാ പ്രശ്നം മൂലം ഡോക്ടറെ ക്ളബിലേക്ക് വരുത്തിയാണ് വൈദ്യ പരിശോധന നടത്തിയത്. ഒരു മണിയോടെ കോടതിയിലെത്തിച്ച ബിഷപ്പിനെ അഞ്ച് മിനിട്ടത്തെ വാദത്തിന് ശേഷമാണ് റിമാൻഡ് ചെയ്തത്. പൊലീസ് മർദ്ദിച്ചിട്ടില്ലെങ്കിലും താൻ കഴിഞ്ഞ രാത്രി ധരിച്ചിരുന്ന ക്രീം നിറത്തിലുള്ള അരക്കയ്യൻ കുർത്തയും പൈജാമയും നിർബന്ധപൂർവം വാങ്ങിയെന്ന് ഫ്രാങ്കോ പരാതി പറഞ്ഞു. തുണിയിലെ മുടിയോ മറ്റോ ഉപയോഗിച്ച് കൃത്രിമ തെളിവുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ എതിർത്തെങ്കിലും പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം മജിസ്ട്രേട്ട് ഇതു രേഖപ്പെടുത്തി. റിമാൻഡിനെ എതിർക്കാതിരുന്ന പ്രതിഭാഗം ഫ്രാങ്കോയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വൈദ്യസഹായം വേണമെന്നും അറിയിച്ചു. ജയിലിൽ പ്രത്യേക സുരക്ഷയോ മറ്റ് സൗകര്യങ്ങളോ ആവശ്യപ്പെട്ടില്ല. തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം സബ് ജയിലിലേക്ക് മാറ്റി. ഫ്രാങ്കോയെ കാണാൻ കോടതി വളപ്പിലും ആശുപത്രിയിലും ജയിൽ വളപ്പിലും നിരവധിപേർ തടിച്ചു കൂടിയിരുന്നു. എന്നാൽ ആരും കൂകി വിളിച്ചില്ല.