-kerala-flood

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചെന്ന് നാശനഷ്ടങ്ങൾ നേരിൽ കണ്ട് വിലയിരുത്താനെത്തിയ കേന്ദ്രസംഘം പറഞ്ഞു. തിങ്കളാഴ്‌ച വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘം കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്. വേഗത്തിലും കൃത്യമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു. സാധാരണ ദുരന്തം നടന്നയിടങ്ങളിൽ വ്യാപകമായ പരാതികളുണ്ടാകാറുണ്ട്. ഇവിടെ അതുണ്ടായില്ല. കേന്ദ്രസംഘത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി മാത്യു ടി. തോമസും പുകഴ്ത്തി. സാധാരണക്കാരോട് സംസാരിച്ച് അനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കിയ സംഘം ക്രിയാത്മകമായ സമീപനമാണ് പുലർത്തിയതെന്നും മന്ത്രി പറഞ്ഞു.


കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ദുരന്തനിവാരണത്തിനായുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉപസമിതി പരിഗണിക്കും. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതലസമിതി കേന്ദ്രസഹായം എത്രയെന്ന് തീരുമാനിക്കും. 4,796 കോടിരൂപയുടെ നഷ്ടപരിഹാരമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 4,000 കോടിയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ.

അതേസമയം സംസ്ഥാനം കണക്കാക്കിയ 25,000 കോടിരൂപയ്ക്കുള്ള വിശദമായ പാക്കേജ് ഒരാഴ്ചക്കുള്ളിൽ കേന്ദ്രത്തിന് സമർപ്പിക്കും. പ്രത്യേകം പ്രൊജക്ടുകളായിട്ടാണ് അപേക്ഷിക്കുക. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ് സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോംജോസ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറി ബി.ആർ ശർമ്മ, ജോയിന്റ് സെക്രട്ടറി ധർമ്മ റെഡ്ഢി, നീതി ആയോഗ് അഡ്വൈസർ ഡോ. യോഗേഷ് സൂരി, ധനവകുപ്പ് അഡ്വൈസർ ആഷു മാഥൂർ, കൃഷി വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ബി രാജേന്ദ്രൻ തുടങ്ങി 11 പേരാണ് സംഘത്തിലുള്ളത്. 21 മുതൽ
4 ദിവസം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.