തിരുവനന്തപുരം: അദ്ധ്യാപികമാർക്കെതിരെ അസഭ്യവർഷം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അടുത്തിടെ ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ നടന്ന എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷത്തിൽ ആറോളം എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇതിനെ തുടർന്നാണ് കോളേജിലെ അദ്ധ്യാപികമാരേയും പ്രിൻസിപ്പളിനെയും സുരേഷ് മോശം വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിച്ചത്. കോളേജ് മാനേജ്മെന്റ് നൽകിയ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ ആഴ്ച കോളജിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ പൊലീസ് കേസെടുത്തതോടെ ആറ് എ.ബി.വി.പി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സി.പി.എമ്മിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് കോളേജിലെ അദ്ധ്യാപികമാരെന്ന് ആരോപിച്ച് സുരേഷ് ആക്ഷേപിക്കുകയായിരുന്നു.