iffk

തിരുവനന്തപുരം: കേരള രാജ്യാന്തരചലച്ചിത്ര മേളയുടെ ഇരുപത്തിമൂന്നാം പതിപ്പ് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര അക്കാഡമിക്ക് അനുമതി നൽകി. എന്നാൽ,​ സർക്കാർ ഫണ്ട് നൽകില്ല. മേളയ്ക്കുള്ള ഫണ്ട് അക്കാഡമി തന്നെ കണ്ടെത്തണം. ആറ് കോടി ചെലവിട്ട് നടത്തിയിരുന്ന മേള മൂന്ന് കോടിയായി ചുരുക്കാമെന്ന് അക്കാഡമി മുഖ്യമന്ത്രിയെ അറിയിച്ച സാഹചര്യത്തിലാണ് മേളയ്ക്ക് അനുമതി നൽകിയത്. ഫണ്ട് കണ്ടെത്താമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.


രണ്ട് കോടി ഡെലിഗേറ്റ് ഫീസ് ഉൾപ്പെടെയുള്ള വരുമാനത്തിൽ നിന്നും ഒരു കോടി അക്കാഡമിയുടെ പ്ലാൻ ഫണ്ടിൽ നിന്നും ചെലവാക്കാമെന്ന് അക്കാഡമി മുഖ്യമന്ത്രിയെ അറിയിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രമേളയും ഒഴിവാക്കിയിരുന്നു. ആർഭാട രഹിതമായി സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചപ്പോഴും ചലച്ചിത്രോത്സവം ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാൽ മേള നടത്തണമെന്ന നിലപാടിൽ അക്കാഡമി ഉറച്ചുനിന്നു. ഫിലിം സൊസൈറ്റിയും മേള നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡ‌െലിഗേറ്റ് ഫീസ് ഇരട്ടിയിലേറെയാക്കി ചെലവിനുള്ള തുക കണ്ടെത്താനാണ് അക്കാഡമി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ജനറൽ വിഭാഗത്തിൽ ഡെലിഗേറ്റ് ഫീസ് 650 രൂപയാണ്. ഇത് 1500 ആക്കാനാണ് ആലോചിക്കുന്നത്. വിദ്യാർത്ഥികളുടേത് 350 രൂപയിൽ നിന്ന് 700 രൂപയാക്കും. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാനും സമാപനം ലളിതമാക്കാനും അക്കാഡമി തീരുമാനിച്ചിട്ടുണ്ട്. വിദേശ ജ‌ഡ്ജുകളേയും അതിഥികളേയും പരമാവധി കുറയ്ക്കും. കാഷ് അവാർഡുകൾ മത്സരവിഭാഗം, മലയാളം സിനിമ, ഇന്ത്യൻ സിനിമ വിഭാഗങ്ങൾ മാത്രമായി ചുരുക്കും.