സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരുടെയും കുടുംബങ്ങളും അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും ഏറെയാണ്. ഇപ്പഴിതാ ആരാധകർക്ക് പ്രതീക്ഷ നൽകി ഇരുവരും ഒന്നിക്കുകയാണ്. എന്നാൽ അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം.
പ്രിയദർശൻ ഒരുക്കുന്ന 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന മെഗാബഡ്‌ജറ്റ് ചിത്രത്തിൽ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. നേരത്തെ അപ്പുവിനൊപ്പം (പ്രണവ് മോഹൻലാൽ) അഭിനയിക്കാൻ ആഗ്രമുണ്ടെന്ന് കല്യാണി വെളിപ്പെടുത്തിയിരുന്നു. നിലവിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ൽ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.
നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന മരയ്‌ക്കാറിൽ മോഹൻലാലിന്റെ നായികയാകുന്നത് ലേഡീ സൂപ്പർ സ്‌റ്റാർ മഞ്ജുവാര്യരാണ്. തമിഴ് സൂപ്പർ താരം അർജുൻ, ബോളിവുഡ് നടൻ സുനിൽ ഷെട്ടി, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തും. ഒന്നാം മരയ്‌ക്കാറായി മലയാളസിനിമയുടെ കാരണവർ മധുവും അഭിനയിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.