balabhaskar

 തിരുവനന്തപുരം: ദേശീയ പാതയിൽ പള്ളിപ്പുറത്ത് വയലിനിസ്റ്റും യുവ സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മകൾ മരിച്ചു. രണ്ട് വയസുള്ള മകൾ തേജസ്വി ബാലയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ (40), ഭാര്യ ലക്ഷ്മി (39), ഡ്രൈവർ തൃശൂർ സ്വദേശി അർജുൻ (31) എന്നിവരെ തലസ്ഥാനത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെ പള്ളിപ്പുറം സി.ആർ. പി.എഫ് ക്യാമ്പിനും കണിയാപുരത്തിനും ഇടയ്ക്ക് താമരക്കുളം അഗ്രോ സർവ്വീസ് സെന്ററിന് മുന്നിലായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇവർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു.


കാർ വലതുവശത്ത് റോഡരികിലുള്ള മരത്തിൽ ഇടിച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് മുന്നിൽപോയ മറ്റൊരു കാറിലുണ്ടായിരുന്നവർ ശബ്ദം കേട്ട് തിരിച്ചെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും വഴിവിളക്കുകളൊന്നുമില്ലാത്ത ഇരുളടഞ്ഞ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്ത് നിന്നുള്ള കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ സമീപവാസികളും പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന്റെ ഡ്രൈവറുമാണ് കാറിന്റെ ഡോർ ഗ്ളാസുകൾ തകർത്ത് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂക്കിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്ന തേജസ്വിയെ സംഭവമറിഞ്ഞെത്തിയ ഹൈവേ പൊലീസിന്റെ ജീപ്പിൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇടിയിൽ നെഞ്ചിലും മറ്റും ക്ഷതമേറ്റ ബാലഭാസ്കറെയും കാലിന് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെയും അർജുനെയും മൂന്ന് ആംബുലൻസുകളിലായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫർ ചെയ്ത ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ട കാർ മംഗലപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.car

 

 

 

 പന്ത്രണ്ടാം വയസിൽ വയലിൻ ഫ്യൂഷനൊരുക്കി  സംഗീത രംഗത്ത് ശ്രദ്ധേയനായ ബാലഭാസ്കർ  ചന്ദ്രൻ - ശാന്തകുമാരി ദമ്പതികളുടെ മകനാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനെന്ന റെക്കോഡും ബാലഭാസ്കറിന്റെ പേരിലാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, സംസ്കൃതം ഭാഷകളിലെ ആൽബങ്ങളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ്.