ഭയങ്കര കുസൃതിയാണ് എന്റെ കുട്ടി, ഒരിടത്തും അടങ്ങിയിരിക്കില്ല. മക്കളെ കുറിച്ച് അച്ഛനമ്മമാർ പലപ്പോഴും പറയുന്ന ഒരു പരാതിയാണിത്. സ്‌കൂളിൽ നിന്നോ അയൽക്കാരിൽ നിന്നോ കൂടി പരാതി കേട്ടാൽ പിന്നെ പറയുകയേ വേണ്ട, നേരെ കൊണ്ട് പോകുന്നത് ഡോക്‌ടറെയോ കൗൺസിലറെയോ കാണാനായിരിക്കും.
അവിടെ നിന്നു കിട്ടുന്ന മരുന്ന് നൽകുന്നതോടെ കുട്ടിയുടെ എനർജി ലെവൽ കുറഞ്ഞ് മാതാപിതാക്കളും അദ്ധ്യാപകരും ആഗ്രഹിക്കുന്നതു പോലെ അടങ്ങിയിരിക്കുന്ന കുട്ടിയായി അവൻ മാറുകയും ചെയ്യും. എന്നാൽ ഇത് നിങ്ങളുടെ മക്കളെ കൊല്ലുന്നതിന് തുല്യമാണെന്ന് പറയുകയാണ് സ്‌പെഷൽ എജ്യകേറ്ററായ ജിഷ കനൽ. കുട്ടികളിൽ കാണുന്ന ഹൈപ്പർ ആക്‌ടിവിറ്റി എന്ന ഈ സ്വഭാവത്തെക്കുറിച്ച് വിശദമാക്കുകയാണ് ജിഷ.
'ഒരു ബോൾ എടുത്ത് തറയിലേയ്‌ക്ക് എറിഞ്ഞാൽ അത് ഉയർന്നു പൊങ്ങുന്ന വേഗതയിൽ ഒരു കുട്ടി ചലിച്ചുകൊണ്ടേയിരിക്കുന്ന അവസ്ഥയെയാണ് ഹൈപ്പർ ആക്‌ടിവിറ്റി എന്നു പറയുന്നത്. കുട്ടിക്ക് ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കാനോ പഠിക്കാനോ എന്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്ന അവസ്ഥ, അതപോലെ ക്ലാസിൽ ഒന്നോ രണ്ടോ സെക്കന്റിലധികം ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ അതാണ് ഹൈപ്പർ ആക്‌ടിവിറ്റി.
നോർമലായിട്ടുള്ള കുട്ടികളിൽ പലതരം എനർജി ലെവലുള്ളവരുണ്ട്. അതിൽ എനർജറ്റിക്കായവർ മറ്റുള്ളവരേക്കാൾ അവരുടെ സംസാരത്തിലും പ്രവൃത്തിയിലുമൊക്കെ കൂടുതൽ ആക്‌ടീവ് ആയിരിക്കും. അതിനെ പലപ്പോഴും ഹൈപ്പർ ആക്‌ടിവാണെന്ന് തെറ്റിദ്ധരിക്കുകയാണ് പലരും. സ്‌കൂളിലെ അദ്ധ്യാപകരും പറയും അവൻ ഹൈപ്പറാണെന്ന്. പിന്നെ നേരെ ചികിത്സയ്‌ക്കായി സൈക്യാട്രിസ്റ്റിനടുത്തേക്ക്. അവിടെ നിന്നു കിട്ടുന്ന മരുന്ന് കുട്ടിയുടെ എനർജി ലെവൽ കുറയ്‌ക്കുകയും മാതാപിതാക്കളും അദ്ധ്യാപകരും ആഗ്രഹിക്കുന്നതു പോലെ അടങ്ങിയിരിക്കുന്ന കുട്ടിയാക്കി മാറ്റുകയും ചെയ്യും.
എന്നാൽ മാതാപിതാക്കളുടെ ഈ പ്രവൃത്തി മക്കളെ കൊല്ലുന്നതിന് തുല്യമാണ്. കുട്ടിയുടെ ഈ എനർജി ലെവലിനെ രോഗാവസ്ഥയായി കാണാതെ അതൊരു പോസിറ്റീവ് ലക്ഷണമായി കാണുകയാണ് വേണ്ടത്. ഇത്തരം സ്‌മാർട് കുട്ടികളാണ് വളർന്നു വരുമ്പോൾ ജീവിതത്തിലും എനർജറ്റിക്കായ മിടുക്കരായി മാറുന്നത്. കുട്ടികളിലെ ഈ പോസിറ്റീവ് എനർജി ലെവൽസിനെ നാം പലപ്പോഴും തെറ്റിദ്ധരിച്ച് ഡോക്ടറെ കണ്ട് മരുന്നുവാങ്ങി, അവനെ മയക്കി, പഠിക്കാൻ പോലുമാകാത്ത അവസ്ഥയിലേയ്‌ക്ക് തള്ളിവിടുകയാണ്.
വളർച്ചയുടേയും തലച്ചോറിന്റെ വികാസത്തിന്റേയും ഭാഗമായി കുട്ടി കാണിക്കുന്ന ലക്ഷണങ്ങളെയാണ് പലപ്പോഴും നിങ്ങൾ നശിപ്പിക്കുന്നതെന്ന് ഓർക്കുക. കുട്ടികളെ മനസിലാക്കുക. ശരിയായ ഹൈപ്പർ ആക്‌ടീവ് കുട്ടികളെ മാത്രം ചികിത്സയ്‌ക്ക് വിധേയരാക്കുക. രക്ഷകർത്താക്കളെ, ദയവുചെയ്‌ത് ഇത് കേൾക്കുക, തിരിച്ചറിയുക, തിരുത്തുക'- ജിഷ പറയുന്നു.