ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്ന വിശേഷണം സ്വന്തമാക്കിയ ആയുഷ്മാൻ ഭാരത് തുടങ്ങി മണിക്കൂറുകൾക്കകം പദ്ധതിയിൽ ഭാഗമായത് ആയിരങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ പേർ ഗുണഭോക്താക്കളായി ചേർന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇന്ന് മുതൽക്കായിരുന്നു ഔദ്യോഗികമായി പദ്ധതി നിലവിൽ വന്നത്.
ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യസുരക്ഷയാണ് ഉറപ്പ് വരുത്തുന്നത്. അമേരിക്കയിലെ ഒബാമ കെയറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നരേന്ദ്രമോദി ഇന്ത്യയിലെ സാധാരണക്കാർക്കായി ആരോഗ്യ സുരക്ഷ ഒരുക്കുന്ന പദ്ധതിക്ക് രൂപം നൽകാൻ ആരംഭിച്ചത്. രാജ്യത്തെ ആരോഗ്യ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് ഈ പദ്ധതി തുടക്കമിടും എന്ന് വിലയിരുത്തപ്പെടുന്നു. സെപ്ടംബർ 25ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ ജൻമദിനം മുതൽക്കാണ് പദ്ധതി രാജ്യത്ത് നിലവിൽ വരിക. 2011ൽ നടത്തിയ സാമ്പത്തിക സർവ്വേയിൽ കൂടിയാണ് ഗുണഭോക്താക്കളെ ചേർത്തിരിക്കുന്നത്. അതേസമയം പദ്ധതിയിൽ വരും ദിനങ്ങളിൽ രാജ്യത്തെ ഉയർന്ന സാമ്പത്തിക നിലവാരത്തിൽ കഴിയുന്നവർക്കും പങ്കുചേരാനാവും.