കൊളംബോ : കഴിഞ്ഞ ദിവസം പുറത്ത് വന്ന മാലദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിൽ തോറ്റത് അബ്ദുള്ള യമീനാണെങ്കിലും നയതന്ത്രതലത്തിൽ ചൈനയുടെ തോൽവിയായി വിലയിരുത്താനാവും. അടുത്തിടെ ഇന്ത്യയുടെ അയൽരാജ്യമായ മാലദ്വീപിൽ ചൈന പിടിമുറുക്കുകയായിരുന്നു. ഒരു കാലത്ത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഈ ദ്വീപ് രാഷ്ട്രത്തിന്റെ മനസിൽ നിന്നും ഇന്ത്യയെ അടർത്തിമാറ്റുന്നതിൽ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനെയാണ് ചൈന കൂട്ട് പിടിച്ചിരുന്നത്. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകൾ യമീൻ നടത്തിയിരുന്നു. അതിനാൽ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമായിരുന്നു.
മാലദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹ് 58.3 ശതമാനം വോട്ടുകൾ നേടിയാണ് നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനെ തോൽപ്പിച്ചത്. ഇബ്രാഹിമിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. മാലദ്വീപിന്റെ പ്രതിജ്ഞാബദ്ധതതയും ജനാധിപത്യ മൂല്യങ്ങളും തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇബു എന്ന ഇബ്രാഹിം
മാലദ്വീപിന്റെ 50 വർഷത്തെ ജനാധിപത്യചരിത്രത്തിൽ ആറാമത്തെ പ്രസിഡന്റാണ് ഇബു എന്ന ചുരുപ്പേരിൽ അറിയപ്പെടുന്ന 56കാരനായ ഇബ്രാഹിം. മുൻ പ്രസിഡന്റ് മഹമ്മദ് നഷീദ് സ്ഥാപിച്ച മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി( എം.ഡി.പി) സ്ഥാനാർത്ഥിയായാണ് വിജയം. എം.ഡി.പിയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ. 1964ൽ ഹിന്നാവുരുവിൽ ജനനം. നഷീദിന്റെ ബന്ധു ഫസ്ന അഹമ്മദാണ് ഭാര്യ. 1994 ൽ ആദ്യമായി പാർലമെന്റിലേക്ക്.