sc

ന്യൂഡൽഹി: ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ പാർലമെന്റ് നിയമം കൊണ്ടുവരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നിലവിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷത്തെ വിലക്കുള്ളൂ. എന്നാൽ,​ ഇവർക്ക് രാഷ്ട്രീയപാർട്ടിയെ നയിക്കുന്നതിന് തടസങ്ങളുമില്ല.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ അയോഗ്യരാക്കാൻ കോടതിക്ക് കഴിയില്ല. തങ്ങളെ ഭരിക്കേണ്ടത് നല്ല ആൾക്കാരാണെന്ന് ഉറപ്പ് വരുത്താനുള്ള അവകാശം സമൂഹത്തിനുണ്ട്. അതിനാൽ തന്നെ ക്രിമിനലുകളെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തേണ്ടത് പാർലമെന്റിന്റെ ചുമതലയാണ്. ആവശ്യമെങ്കിൽ നിയമം കൊണ്ടുവരാം. ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അയാളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് നാമനിർദ്ദേശപത്രികയിൽ കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടികൾ വെബ്സൈറ്റ് വഴി പുറത്ത് വിടണം. ടെലിവിഷൻ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ,​ എ.എം.ഖാൻവിൽക്കർ,​ ഡി.വൈ.ചന്ദ്രചൂഡ്,​ ഇന്ദു മൽഹോത്ര എന്നിവർ കൂടിയടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.  

അതേസമയം,​ അഞ്ച് വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ കിട്ടാവുന്ന കേസിൽ ഉൾപെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് നിയമം കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ശിക്ഷ നേരിടാവുന്ന കുറ്റം ചുമത്തപ്പെട്ടവരെയാണു വിലക്കേണ്ടത്. ഇത്തരം കേസുകളിൽ വിചാരണ നടക്കുകയാണെങ്കിൽ പോലും നടപടി ഉണ്ടാകണം. തിരഞ്ഞെടുപ്പിന് കുറഞ്ഞത് ആറു മാസം മുന്പെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് സ്ഥാനാർഥിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണമെന്നും കമ്മിഷൻ വ്യക്തമാക്കി.