balabhaskar

 തിരുവനന്തപുരം:  ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയാണ് ഇന്ന് കാറപകടത്തിൽ വിധി തട്ടിയെടുത്ത രണ്ടുവയസുകാരി തേജസ്വി. 22ാം വയസിൽ യൂണിവേഴ്സിറ്റി കോളേജിൽ എം.എ സംസ്‌കൃതം അവസാന വർഷ വിദ്യാർത്ഥിയായിരിക്കെയാണ് ബാലഭാസ്‌കർ പ്രണയിനിയെ ഒപ്പം കൂട്ടിയത്.  ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ വിദ്യാർത്ഥിനിയായിരുന്നു. വീട്ടുകാർ എതിർത്തിട്ടും  പ്രണയത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഇരുവരും തയാറാകാത്തതോടെ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് ഇരുവരും എത്തിച്ചേർന്നു.

ബാലഭാസ്‌കറിന്റെ സംഗീത ജീവിതത്തിനെ പ്രോത്സാഹിപ്പിച്ച് വീട്ടമ്മയായി കൂടാനായിരുന്നു ലക്ഷ്മിയുടെ തീരുമാനം.  നീണ്ട പതിനാറു വർഷത്തെ പ്രാർത്ഥനകൾക്കും ചികിത്സയ്ക്കും ശേഷം 2016ലാണ്  ഇരുവരുടേയും ഇടയിലേക്ക്  കൂടുതൽ സന്തോഷങ്ങൾ പകരാൻ കുഞ്ഞു തേജസ്വി എത്തിയത്. ആ മാലാഖ കുഞ്ഞിനെയാണ് ഇരുവരും ലാളിച്ച് കൊതിതീരുംമുമ്പേ വിധി തട്ടിയെടുത്തത്. സ്ഥിരം അപകടമേഖലയാണ് കണിയാപുരം പള്ളിപ്പുറം മേഖല. അവിടെയാണ് ബാലഭാസ്‌കറും കുടുംബവും ഇന്നു പുലർച്ചെ അപകടത്തിൽപെട്ടത്. ഇതിന് അരകിലോമീറ്ററോളം അടുത്താണ് മുമ്പ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും അപകടത്തിൽപെട്ടത്.