ഭോപ്പാൽ: റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രതിപക്ഷം ആക്രമണം ശക്തമാക്കി വരവെ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിൽ തനിക്കെതിരെ സഖ്യമുണ്ടാക്കാൻ കഴിയാത്തതിനാൽ അന്താരാഷ്ട്ര തലത്തിൽ സഖ്യമുണ്ടാക്കനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് മോദി ആരോപിച്ചു. ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ബി.ജെ.പിക്ക് നേരെ ചെളി വാരിയെറിയുകയാണ്. എന്നാൽ, താമര വിരിയാൻ ഏറ്റവും അനുയോജ്യമായത് ചെളിയാണ്. ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും താമര വിരിയുക തന്നെ ചെയ്യും. -മോദി പറഞ്ഞു.
അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് സമനിലയും തെറ്റിയിരിക്കുകയാണ്. അതിനാലാണ് അവർ വ്യാജ ആരോപങ്ങൾ ഉന്നയിക്കുന്നത്. വിദേശ രാജ്യങ്ങളാണോ ഇന്ത്യയുടെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത്. സമനില നഷ്ടപ്പെട്ടവർക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാനാകൂ. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ രീതി. എന്നാൽ, എല്ലാവരുടേയും വികാസമാണ് സർക്കാർ ആഗ്രഹിക്കുന്നത്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് ബദലാവേണ്ടത് വികസനമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ചിതലിനെ പോലെ രാജ്യത്തെ കാർന്നു തിന്നുകയാണെന്നും മോദി പറഞ്ഞു. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം എന്നത് കേവലമൊരു മുദ്രാവാക്യം മാത്രമല്ല. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാരുടെ ചിന്തയാണത്. ഏതെങ്കിലും കാരണങ്ങളാൽ പിന്നിലായിപ്പോകുന്നവരെ മുന്നിലേക്ക് കൊണ്ടുവരണം. അതിന് വേണ്ടിയാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.