ന്യൂഡൽഹി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്ര മാനദണ്ഡങ്ങളിൽ ഇളവു നൽകി അധിക സഹായവും പ്രത്യേക പാക്കേജും വായ്‌പകളും നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാലറി ചലഞ്ചിന് ആരെയും നിർബന്ധിക്കില്ലെന്നും സഹകരിക്കാത്തവരോട് അവരുടെ മക്കൾ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന് ശേഷമുള്ള ദുരവസ്ഥ ധരിപ്പിച്ച് പുനർനിർമ്മിതിക്ക് കേന്ദ്രത്തിന്റെ നിർലോഭ സഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും ഉൾപ്പെട്ട സംഘത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒക്‌ടോബർ ആദ്യം കേന്ദ്ര ധനമന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടും ഇക്കാലയളവിൽ ലഭിക്കും. ഇതു മുൻനിറുത്തി വിശദമായ നിവേദനം സംസ്ഥാന സർക്കാർ വീണ്ടും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സഹായം ലഭിക്കാൻ കേന്ദ്രത്തിന് കൂടി സ്വീകാര്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിതല സംഘം സഹായം തേടി വിദേശത്ത് പോകുന്നത് പ്രധാനമന്ത്രിയെ അറിയിച്ചു. എല്ലാ ഉറപ്പുകളും നൽകിയ പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി.ചീഫ് സെക്രട്ടറിയോട് തുടരന്വേഷണം നടത്താനും ആവശ്യപ്പെട്ടു.
വിദേശ സഹായം നേരിട്ട് സ്വീകരിക്കാൻ നിലവിൽ സംവിധാനമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ മലയാളികളുടെ കൂട്ടായ്‌മകളെ പുനർനിർമ്മാണത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി സഹായം തേടി. കുട്ടനാട്ടിലെ പുനരുദ്ധാരണത്തിന് നോർവേയുടെ സാങ്കേതിക സഹായം ലഭ്യമാക്കാനും അനുമതി തേടി.