പാലക്കാട്: വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കുന്ന സി.പി.എം അന്വേഷണ കമ്മിഷന് മുമ്പാകെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിൽ ഭൂരിഭാഗവും പി.കെ. ശശി എം.എൽ.എയ്ക്ക് അനുകൂലമായി മൊഴി നൽകിയതായി സൂചന. കമ്മിഷന് മുമ്പിലെത്തിയ എട്ടുപേരിൽ ആറാളും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മൊഴി നൽകി. യുവതിയുടെ പരാതി സത്യമാണെന്നും നടപടി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയത് രണ്ടുപേർ മാത്രമാണ്. വനിതാ നേതാവ് ഇത്തരമൊരു പരാതി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നില്ലെന്നും പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഡി.വൈ.എഫ്.ഐയുമായി പരാതിയുടെ വിശദാംശം പങ്കുവയ്ക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജില്ലാ നേതാക്കൾ കമ്മിഷന് മൊഴി നൽകി. ഇതിനിടെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാർ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ചും കമ്മിഷൻ വിശദീകരണം തേടി.
പ്രേംകുമാറിന് പുറമേ ജില്ലാ പ്രസിഡന്റ് പി.എം. ശശിയും ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കമ്മിഷനംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിക്കും മൊഴി നൽകി. മൊഴി നൽകേണ്ടിയിരുന്ന മൂന്നുപേർ പാലക്കാടെത്തി വിവരം നൽകുന്നതിൽ അസൗകര്യമുണ്ടെന്ന് കമ്മിഷനെ അറിയിച്ചതായാണ് വിവരം. 30ന് സംസ്ഥാന സെക്രട്ടേറിയറ്റ് കൂടുന്നതിനാൽ 28ന് മുമ്പായി ഇവരെ മൂന്നുപേരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും.
പരാതിക്കാരിയായ യുവതിയുടെയും പി.കെ. ശശിയുടെയും മൊഴി അന്വേഷണ സംഘം രണ്ടുഘട്ടങ്ങളിലായി ഫോണിലൂടെയും നേരിട്ടും രേഖപ്പെടുത്തിയിരുന്നു. മൊഴി നൽകിയതിൽ ഭൂരിഭാഗം പേരും ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതോടെ ഇതുസംബന്ധിച്ചും പാർട്ടിതല അന്വേഷണം നടക്കുമെന്നാണ് സൂചന.