കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡന പരാതി ഉയർത്തിയ കന്യാസ്ത്രീ പി.സി ജോർജിനെതിരെ പൊലീസിൽ പരാതി നൽകി. വാർത്താ സമ്മേളനത്തിൽ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് പരാതി നൽകിയത്. കോട്ടയം ജില്ലാ പൊലീസ് മേധവി ഹരി ശങ്കറിനാണ് കന്യാസ്ത്രീ പരാതി നൽകിയത്. പരാതി ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുബാഷിന് കൈമാറി.
കന്യാസ്ത്രീക്കിതിരായ പരാതിയുടെ പേരിൽ ഒക്ടോബർ നാലിനകം കോടതിയിൽ ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ ജോർജിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിഭാഷകൻ വിശദീകരണം നൽകുമെന്നാണ് ജോർജിന്റെ നിലപാട്. ജലന്ധർ ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായ ശേഷം 13ആം തവണ കന്യാസ്ത്രീ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പി.സി. ജോർജിന്റെ ആരോപണം.